അതിഥി തൊഴിലാളിയ്ക്ക് ആശുപത്രിയില്‍ കൂട്ടിരുന്ന് യുവാവ്; സന്മനസ്സിന് നിറഞ്ഞ കൈയ്യടി

കൊണ്ടോട്ടി: കോവിഡ് കാലത്ത് രോഗബാധിതനായ അതിഥി തൊഴിലാളിയ്ക്ക് ആശുപത്രിയില്‍ കൂട്ടിരുന്ന് പരിചരിച്ച് മാതൃകയായി യുവാവ്. ആക്കോട് കറുത്തേടത്ത് അര്‍ഷദ് ഖാന്‍ എന്ന യുവാവാണ് കൊണ്ടോട്ടി കുറുപ്പത്ത് താമസിക്കുന്ന ഗൂഡല്ലൂര്‍ സ്വദേശി മരുത മുത്തുവി (65)ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂട്ടിരിപ്പിന് എത്തിയത്.

രോഗിയ്ക്ക് കൂട്ടിരിക്കാന്‍ സന്നദ്ധരുണ്ടോ എന്ന കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിമിന്റെ സന്ദേശം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് അര്‍ഷദ് ഖാന്‍ സ്വയം തയ്യാറാണെന്ന് അറിയിച്ച് മുന്നോട്ടുവന്നത്.

കൊണ്ടോട്ടി കുറുപ്പത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ മരുതം മുത്തു (65) കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സക്ക് കൊണ്ടുപോകാന്‍ തുനിഞ്ഞപ്പോഴാണ് പരിചരിക്കാനും കൂട്ടിരിക്കാനും ആളില്ലാത്ത അവസ്ഥ വന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ടോട്ടിയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അബൂബക്കര്‍കുട്ടി തന്റെ വാഹനത്തില്‍ എംഎല്‍എയുടെ സ്റ്റാഫ് അംഗംവും കണ്‍ട്രോള്‍ റൂം ഭാരവാഹിയുമായ കെഎം ഇസ്മായിലുമൊത്ത് ഉടനെ അര്‍ഷദ് ഖാനെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. മരുതം മുത്തുവിന് കൂടപ്പിറപ്പായി പരിചരിച്ച് മാതൃകയാവുകയാണ് അര്‍ഷദ്.

അര്‍ഷദ് ഖാനെ പോലെയുള്ള മനുഷ്യസ്‌നേഹികളെയാണ് നാടിനാവശ്യമെന്നും ഈ ചെറുപ്പക്കാരന്‍ മാതൃകയാണെന്നും ടിവി ഇബ്രാഹിം എംഎല്‍എ പ്രതികരിച്ചു.

Exit mobile version