തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോവിഡ് സ്ഥിരീകരണത്തിനുള്ള അന്തിമ പരിശോധനയ്ക്ക് അനുമതി. അന്തിമ പരിശോധനാ ഫലം ആരോഗ്യവകുപ്പിന് നേരിട്ടു കൈമാറാന്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അനുമതി നല്കി. ഐസിഎംആറിന്റെ അനുമതി ലഭിച്ചതോടെ കോവിഡ് ടെസ്റ്റിന്റെ ഫലം കൂടുതല്‍ വേഗത്തില്‍ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ പ്രാഥമിക പരിശോധന അനുമതി ലഭിച്ചെങ്കിലും അന്തിമ പരിശോധനക്ക് ആലപ്പുഴയിലെയോ പുണെയിലെയോ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിള്‍ അയക്കുകയായിരുന്നു. ഇതിന് കാലതാമസം നേരിട്ടിരുന്നു.
രോഗബാധ സംശയിക്കുന്നയാളില്നിന്ന് രണ്ട് സാമ്പിളാണ് എടുക്കുന്നത്. ഒന്ന് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലടക്കം അനുമതി ലഭിച്ച ലാബുകളിലും അന്തിമ ഫലത്തിനായി രണ്ടാമത്തേത് വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിലേക്കുമാണ് അയച്ചിരുന്നത്.
ശ്രീചിത്രയില്‍ സംവിധാനം വരുന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗമാകും. ശ്രീചിത്രയിലെ ജനറ്റിക് മോളിക്യുലാര്‍ ലാബില്‍ നേരത്തെ തന്നെ കോവിഡ് പരിശോധനക്കുള്ള പൊളിമറൈസ് ചെയിന്‍ റിയാക്ഷന് (പിസിആര്‍) ടെസ്റ്റിന് സംവിധാനമുണ്ട്.
Discussion about this post