തൃശ്ശൂര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുന്നംകുളത്തെ നാട്ടുകാര്‍ക്ക് ഉറക്കമില്ല. വീടിനും മരത്തിനും മുകളില്‍ ഓടിക്കയറിയും നിമിഷ നേരംകൊണ്ട് ഓടി മറയുകയും ചെയ്യുന്ന ഒരു അജ്ഞാത രൂപമാണ് ഇവിടുത്തുകാര്‍ക്ക് തലവേദനയാകുന്നത്. എന്നാല്‍ ഈ അജ്ഞാത രൂപത്തെ പിടികൂടിയെന്നും പറഞ്ഞുകൊണ്ട് ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്. അത് മറ്റാരുടെയുമല്ല, ജീവിതം വടംവലിക്കായി മാറ്റിവെച്ച വടംവലി കോര്‍ട്ടില്‍ അമാനുഷീക പ്രകടനം കഴ്ച്ചവെക്കുന്ന ബനാത്തിന്റെയാണ്.
ഇദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുന്നംകുളത്തെ ആ ബാറ്റ് മാനെ പോലീസ് പിടികൂടിയെന്നും പറഞ്ഞുകൊണ്ട് പ്രചരിപ്പിക്കുകയായിരുന്നു. നിമിഷ നേരംകൊണ്ടാണ് ഇത് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. സംഭവത്തിലെ സത്യസ്ഥിതി മനസിലാക്കാതെയായിരുന്നു പ്രചാരണത്തിന് ഒപ്പം നിന്നത്. എന്നാല്‍, ലോകത്ത് ഏതൊരു മലയാളി വടംവലികാരനും ഒരു നിഴലില്‍ പോലും മനസിലായി പോവുന്ന മലപ്പുറത്ത് പുല്ലാറ നിവാസിയായ വടംവലി ലോകത്തെ സുല്‍ത്താന്‍ ബനാത്ത് പുല്ലാറയാണെന്ന് തെളിഞ്ഞു. എടപ്പാള്‍ ആഹാ ഫ്രണ്ട്സ് വടംവലി ടീമിലെ താരമാണ് ബനാത്ത്. കഴിഞ്ഞ എട്ട് വര്‍ഷമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി വടംവലി മത്സരങ്ങളില്‍ പങ്കെടുത്ത താരമാണ് ബനാത്ത്.
കുന്നംകുളത്തെ ആളുകളെ വന്ന് ഭയപ്പെടുത്തുന്ന കള്ളനെ പിടിച്ചു എന്ന വ്യാജ സന്ദേശം ബനാത്ത് വടംവലി മല്‍സരത്തിനു ഇറങ്ങുന്നതിനേക്കാള്‍ മുന്നെ തൂക്കം കുറക്കാന്‍ കാറില്‍ ഹീറ്റര്‍ ഇട്ട് ഇരിക്കുന്ന ഒരു ഫോട്ടോ വെച്ചാണ് പ്രചരിച്ചത്. വ്യാജ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ വിശദീകരണവുമായി കുന്നംകുളം പോലീസും രംഗത്തെത്തി. കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ബ്ലാക്ക്മാന് എന്ന പേരില്‍ ആരെയും ഇതു വരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. തന്റെ ഫോട്ടോയും വ്യാജസന്ദേശവും കണ്ട് സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് ബനാത്ത് പുല്ലാറ പറഞ്ഞു. ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബനാത്ത് ആവശ്യപ്പെട്ടു. സംഭവത്തില്‍ ബനാത്ത് മഞ്ചേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അമാനുഷിക കഴിവുള്ള കള്ളന് എന്ന് നാട്ടുകാര്‍ പറയുന്ന ഈ അജ്ഞാതരൂപം കരിക്കാട്, ഭട്ടിമുറി, തിരുത്തിക്കാട്, പഴഞ്ഞി, മിച്ചഭൂമി , ചിറയ്ക്കല്‍ തുടങ്ങിയ ഭാഗങ്ങളിലാണ് പൊതുവെ കണ്ടുവരുന്നത്. ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ കണ്ടതായി പറയുന്ന ഈ രൂപം എവിടെയെങ്കിലും മോഷണം നടത്തുകയോ ആരെയെങ്കിലും അക്രമിക്കുകയോ ചെയ്തിട്ടില്ല. രൂപത്തില്‍ ഒരാള്‍ മാത്രമാണ് എന്നു പറയുന്നവരും മൂന്നു പേരുണ്ട് എന്ന് പറയുന്നവരുമുണ്ട്. പകല്‍ സമയം ലോക് ഡൗണ്‍ കാരണം വീട്ടില്‍ കഴിയുന്ന യുവാക്കള്‍ രാത്രിയില്‍ സാമൂഹിക അകലം മറന്ന് കള്ളനെ തിരഞ്ഞ് പുറത്തിറങ്ങുകയാണ്. മോഷണസംഘമല്ല ഇതിനുപിറകില്‍ എന്ന് ഉറപ്പിച്ച പോലീസ് സംഭവത്തിലെ സത്യസ്ഥിതി കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്.
Discussion about this post