തിരുവനന്തപുരം: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെല്ലാം അലോചിക്കും മുമ്പേ കേരളം റാപ്പിഡ് ടെസ്റ്റിലേക്ക് കടക്കുകയാണ്. കേരളം ആഴ്ചകളായി ഉയര്‍ത്തുന്ന റാപ്പിഡ് ടെസ്റ്റ് എന്ന ആവശ്യത്തിന് ഇപ്പോള്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.
അതിവേഗത്തില്‍ രോഗ നിര്‍ണ്ണയം സാധ്യമാകുന്ന പരിശോധനയാണ് റാപ്പിഡ് ടെസ്റ്റ്. രോഗബാധിതന്റെ രക്തത്തില്‍ കോറോണ വൈറസിനെ നേരിടാന്‍ ഉത്പാദിപ്പിക്കപെടുന്ന ആന്റിബോഡികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാണ് ഫല നിര്‍ണ്ണയം. കേരളം റാപ്പിഡ് ടെസ്റ്റിലേക്ക് കടക്കുമ്പോള്‍ ഈ കൊറോണക്കാലത്ത് നാം പിന്നിട്ട നാള് വഴികളെക്കുറിച്ച് വ്യക്തമാക്കിത്തരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റും വൈറലായിക്കൊണ്ടിരിക്കുകയാണ്.
മന്‍സി മുരളീധരന് എഴുതിയ കുറിപ്പാണ് ഇന്ന് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. തുടക്കം മുതല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ ആവിഷ്കരിച്ച ഒരു പദ്ധതിയുണ്ട്. അതനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. നമ്മളിത് അതിജീവിക്കുക തന്നെ ചെയ്യും, മന്‍സി ഫേസ്ബുക്കില്‍ കുറിച്ചു.
മന്‍സി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോറോണ വൈറസ് കേരളത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത് ജനുവരി 30നാണ്. അന്ന് കേരളത്തില്‍ കോറോണ വൈറസ് ടെസ്റ്റിന് കേന്ദ്രം അനുമതി ഇല്ല. പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊണ്ട് പോയി ടെസ്റ്റ് നടത്തണം. ആ പരിമിതികള്‍ക്കുളളില്‍ നിന്നാണ് നമ്മുടെ കേരളം പൊരുതി തുടങ്ങിയത്.
പിന്നീട് ടെസ്റ്റ് നടത്താന്‍ ആലപ്പുഴയില്‍ കേന്ദ്രം അനുമതി നല്കി. അത് പോരാ എന്ന് ആവശ്യം ഉന്നയിച്ചതിനാല്‍ തിരുവനന്തപുരത്തും കോഴിക്കോടും നമുക്ക് കേന്ദ്ര സര്‍ക്കാര്‍ ടെസ്റ്റിന് അനുമതി നല്കി.
ഇതിന്റെ തുടക്കം മുതല്‍ കേരളം സ്വീകരിച്ച നിലപാട് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി രോഗികളെ കണ്ടെത്തി സാമൂഹ്യ വ്യാപനം തടയുക എന്നതായിരുന്നു. എന്നാല്‍ നമുക്കൊപ്പം ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍ ചെയ്തത് രോഗം വന്നതിന് ശേഷം രോഗികളെ ചികിത്സിക്കുക എന്നതും ആയിരുന്നു. ഇത്തരത്തില്‍ അമേരിക്കയില്‍ നടപ്പിലാക്കുന്ന സംവിധാനം കേരളത്തില്‍ നടപ്പാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ആവശ്യപെട്ടത്. കോവിഡ് വളരെ വേഗം പകരുന്ന ഒരു രോഗമാണ്. കുട്ടികള്‍,മുതിര്‍ന്നവര്‍,പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരെല്ലാം പെട്ടെന്ന് രോഗത്തിന്റെ ഇരകളാകാം. അതുകൊണ്ട് തന്നെ രോഗം ഉണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധന രോഗ വ്യാപനം തടയാന്‍ അനിവാര്യമാണ്. വികസിത മുതലാളിത്വ രാജ്യങ്ങള്‍ ഇതിന്റെ ചെലവ് ആര് വഹിക്കും എന്ന് ആലോചിച്ചു നിന്നതാണ് ടെസ്റ്റ് നടത്തി രോഗവ്യാപനം തടയാന്‍ അവര്‍ക്ക് കഴിയാതെ പോയത്.
തുടക്കത്തില്‍ മൂന്ന് ഇടങ്ങളില്‍ മാത്രം ഉണ്ടായിരുന്ന ടെസ്റ്റ് സൗകര്യം നമ്മള് ആവശ്യം ഉയര്‍ത്തി നേടിയെടുത്തു. ഇപ്പോള്‍ കേരളത്തില്‍ 12 ഇടങ്ങളില്‍ ടെസ്റ്റ് നടത്താന്‍ അനുമതി ഉണ്ട്. ടെസ്റ്റ് നടത്താന്‍ വേണ്ട ഉപകരണം അഥവാ ടെസ്റ്റ് കിറ്റ് ലാബുകള്‍ക്ക് ഉപയോഗിക്കുവാന്‍ ഗുജറാത്തിലെഒരു കമ്പനിയുടേത് മാത്രം ആയിരുന്നു ഐസിഎംആറിന്റെ അനുമതി. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ടെസ്റ്റ് നടത്തി രോഗികളെ കണ്ടെത്തി ചികില്‍സ നടത്തുന്ന കേരളാ മോഡല്‍ രാജ്യത്ത് നടപ്പിലാക്കണം എന്നും മറ്റു കമ്പനികളുടേയും ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ച് ടെസ്റ്റിന് അനുമതി നല്‍കണമെന്നും പ്രധാനമന്ത്രിക്ക് കത്തയച്ച് ആവശ്യപെട്ടതിന്റേയും കൂടി സ്വാധീനത്തില്‍ ആകാം അതിന്റെ രണ്ടാം ദിവസം കേന്ദ്രം മഹാരാഷ്ട്രയിലെ രണ്ടു കമ്പനികള്‍ക്ക് കൂടി ടെസ്റ്റ് കിറ്റ് നിര്‍മ്മാണത്തിന് അനുമതി നല്കി. (അതില്‍ ഒന്നാണ് മൈലാബ് അതിനെ പറ്റി താഴെ പറയാം)ജര്‍മ്മനിയില്‍ നിന്ന് അടക്കം കൊണ്ട് വന്നിരുന്ന ടെസ്റ്റ് കിറ്റുകള്‍ ഇപ്പോഴും ആവശ്യത്തിന് ലഭ്യമല്ല എന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
നിലവില്‍ കേരളത്തില്‍ പ്രതിദിനം 3000 ടെസ്റ്റ് നടത്താന്‍ കപാസിറ്റിയുളള ലാബുകള്‍ ആകെയുണ്ട്. പക്ഷെ ടെസ്റ്റ് കിറ്റുകളുടെ കുറവ് കാരണം 500 ടെസ്റ്റ് നടത്താന്‍ മാത്രമേ നമുക്ക് കഴിയുന്നൊളളൂ. ടെസ്റ്റ് കിറ്റുകള്‍ കേന്ദ്ര മാനദണ്ഡം പാലിച്ചു മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നതിനാലാണത്. രോഗലക്ഷണം ഉളളവരുടെ ടെസ്റ്റ് മാത്രമാണ് നമ്മള് ഇപ്പോള്‍ നടത്തുന്നത്.
ടെസ്റ്റ് നടത്തുന്ന കാര്യത്തില്‍ രാജ്യം പിന്നിലാണ് എങ്കിലും സംസ്ഥാന തലത്തില്‍ നമ്മുടെ കേരളം തന്നെയാണ് ഒന്നാമത്.
ഇന്ത്യയില്‍ ഒരു ലക്ഷം പേരെടുത്താല്‍ സാമ്പിള്‍ പരിശോധിച്ചവരുടെ എണ്ണം 3 ആണ്.
എന്നാല്‍ അതേ മാനദണ്ഡം നോക്കിയാല്‍ കേരളത്തിന്റേത് 23 ആണ്.
വെന്റിലേറ്റര്‍ സൗകര്യം ഒന്നും ആവശ്യമില്ലാത്ത ഒരു രോഗിക്ക് സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന ചികിത്സക്ക് ചെലവ് വരുന്നത് 25000രൂപ വരെ എന്നും, വെന്റിലേറ്റര്‍ ഉപയോഗിച്ചാല്‍ 50000ത്തിന് മുകളില്‍ സൗജന്യമായി ലഭിക്കുന്ന ചികിത്സക്ക് സര്‍ക്കാറിന് ചെലവ് വരുമെന്നും അഭിപ്രായം ഉണ്ട്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ലക്ഷങ്ങള്‍ ആണ്. ഒരു കോവിഡ് രോഗിക്ക് അമേരിക്കയില്‍ ചികിത്സ നടത്താന്‍ ആദ്യ സമയത്ത് വേണ്ടിയിരുന്ന പണം നോക്കിയാല്‍ അത് മനസ്സിലാകും.
കേരളം ആഴ്ചകളായി ഉയര്‍ത്തുന്ന റാപ്പിഡ് ടെസ്റ്റ് എന്ന ആവശ്യത്തിന് കൂടി ഇപ്പോള്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. അതിവേഗത്തില്‍ രോഗ നിര്‍ണ്ണയം സാധ്യമാകുന്ന പരിശോധനയാണ് റാപ്പിഡ് ടെസ്റ്റ്. രോഗബാധിതന്റെ രക്തത്തില്‍ കോറോണ വൈറസിനെ നേരിടാന്‍ ഉത്പാദിപ്പിക്കപെടുന്ന ആന്റിബോഡികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാണ് ഫല നിര്‍ണ്ണയം.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആറിന്റെ) അനുമതി ഉളള കിറ്റുകള്‍ക്കും ലാബുകള്‍ക്കും മാത്രമേ റാപ്പിഡ് ടെസ്റ്റിന് അനുമതിയുളളൂ. രോഗമുണ്ടെന്ന് ഡോക്ടര്‍ സംശയിക്കുന്നവര്‍ ,ഇടപഴകിയ ആരോഗ്യപ്രവര്‍ത്തകര്‍,വിശിഷ്യാ ശ്വാസകോശരോഗികള്‍ എന്നിവരിലാകും റാപ്പിഡ് ടെസ്റ്റ് പരിശോധന.
പൂനയിലെ മൈലാബ് ഡിസ്കവറി സൊലൂഷന് വികസിപ്പിച്ചെടുത്ത കിറ്റ് നിലവില്‍ നാല് മുതല്‍ ഏഴ് മണിക്കൂര്‍ വേണ്ടിടത്ത് രണ്ട് മണിക്കൂര്‍ മതിയെന്നും ഒരാഴ്ചക്കുള്ളില്‍ ഒരുലക്ഷം കിറ്റുകള്‍ വികസിപ്പിച്ചെടുക്കും എന്നും നിര്‍മ്മാണത്തിന് അനുമതി നല്കുമ്പോള് കേന്ദ്ര സര്‍ക്കാറിനോട് ഉറപ്പ് നല്‍കിയിരുന്നു. അതില്‍ ആയിരം കിറ്റാണ് ശശിതരൂര്‍ പൂനയില്‍ നിന്നും കൊണ്ട് വന്നത്. പതിനായിരം കിറ്റുകള്‍ ലഭ്യമാക്കും എന്നും അദ്ദേഹം പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്വാഭാവികമായും ലഭ്യമാക്കേണ്ട കാര്യം കുറച്ചു ആത്മാര്‍ഥതയോടെ ചെയ്തു എന്നതാണ് ശശിതരൂരിന്റെ ഇടപെടല്‍. എന്നാല്‍ കേരളം നടത്തുന്ന റാപ്പിഡ് ടെസ്റ്റിന് ഇത് മതിയാകില്ല.നിലവില്‍ കേരളത്തില്‍ ഒരുലക്ഷത്തി എഴുപതിനായിരം പേര് നിരീക്ഷണത്തില്‍ ഉണ്ട്. അതില്‍ പകുതി നടത്തണമെങ്കില്‍ പോലും ഒരുപാട് കിറ്റുകള്‍ ആവശ്യമാണ്. കേരളം റാപ്പിഡ് ടെസ്റ്റിന് ആവശ്യമായ കിറ്റുകള്‍ കൊണ്ട് വരുന്നത് ഹോകോംഗില് നിന്നും ആണ്. കേരളത്തിനാവശ്യമായ കിറ്റുകള്‍ ഉടനെ എത്തും.
തുടക്കം മുതല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ ആവിശ്കരിച്ച ഒരു പദ്ധതിയുണ്ട്. അതനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. നമ്മളിത് അതിജീവിക്കുക തന്നെ ചെയ്യും
Discussion about this post