പെരുമ്പിലാവ്: പഞ്ചായത്ത് പ്രസിഡന്റ് പദവിയെന്നാൽ ഓഫീസിലിരുന്ന് പേപ്പറുകൾ നോക്കൽ അല്ലെന്ന് തെളിയിച്ച് ഈ പഞ്ചായത്ത് പ്രസിഡന്റ്. പഞ്ചായത്തിലെ ഓരോരുത്തരുടേയും ക്ഷേമം അന്വേഷിക്കലും അവർക്കായി ചെയ്യാനാവുന്നതിന്റെ പരമാവധി സഹായങ്ങൾ എത്തിക്കുകയുമാണ് കടമയെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് കടവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് യുപി ശോഭന.
സാധാരണക്കാരന്റെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ് പഞ്ചായത്ത് ഭരണം എന്ന് തെളിയിച്ച ഇവർ നാട് ഒന്നാകെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുമ്പോൾ ദുരിതത്തിലായവർക്ക് ഒരുനേരത്തെ ആഹാരമെത്തിക്കാനുള്ള കഠിന പ്രയത്നത്തിൽ പങ്കാളിയാവുകയാണ്.
ലോക്ക് ഡൗൺ കാലത്ത് പട്ടിണിയിലാകുന്ന സാധാരണക്കാർക്ക് ഭക്ഷണമെത്തിക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയായ കമ്മ്യൂണിറ്റി കിച്ചണിന്റെ ഭാഗമായി കടവല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും അഗതികൾക്കും തൊഴിലില്ലാത്തവർക്കും അതിഥി തൊഴിലാളികൾക്കും ആഹാരം എത്തിക്കാനുള്ള തിരക്കിലാണ് യുപി ശോഭന.
കമ്മ്യൂണിറ്റി കിണിന്റെ ഭാഗമായ മറ്റുള്ളവരോടൊപ്പം തോളോട് തോൾ ചേർന്ന് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലാണ് പഞ്ചായത്ത് പ്രസിഡന്റ്. രാവിലെ പഞ്ചായത്ത് ഓഫീസിൽ എത്തുന്ന പ്രസിഡന്റ് കൊവിഡ് പ്രതിരോധ കാലത്തെ അത്യാവശ്യ ഓഫീസ് ജോലികൾ ചെയ്ത് തീർത്തതിന് ശേഷം അടുക്കളയിലേക്ക് കയറി കറിക്കുള്ള പച്ചക്കറികൾ നന്നാക്കി കൊടുത്തും പച്ചക്കറികൾ അരിഞ്ഞു കൊടുത്തും ഒരു വീട്ടമ്മയുടെ റോൾ കൂടി ഏറ്റെടുത്തിരിക്കുകയാണ്. ഭക്ഷണം വിതരണം ചെയ്യുന്നത് വരെ രംഗത്തുണ്ടാകും ഈ പ്രസിഡന്റ്.
ഈ കോവിഡ് കാലത്ത് സമൂഹത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പുണ്യ പ്രവർത്തിയാണ് ഭക്ഷണവിതരണം എന്ന് പ്രസിഡന്റ് പറയുന്നു. പ്രതിദിനം ഇരുന്നൂറിലധികം ആളുകൾക്കാണ് കടവല്ലൂർ പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നത്. ഉദാരമതികളുടെ സഹായവും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചുമാണ് ചെലവുകൾ വഹിക്കുന്നത്.
കുടുംബശ്രീ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടെ 15 പേരാണ് കിച്ചണിൽ പ്രവർത്തിക്കുന്നത്. ഓരോ വാർഡുകളിലും രൂപീകരിച്ചിട്ടുള്ള കോവിഡ് പ്രതിരോധ ഗ്രൂപ്പുകൾ വഴിയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹായ സഹകരണം ഉണ്ടെന്നും പ്രസിഡന്റ് യുപി ശോഭന സാക്ഷ്യപ്പെടുത്തുന്നു.
Discussion about this post