ആലപ്പുഴ: കാസര്‍കോട്ടുനിന്ന് വള്ളവും വാടകയ്‌ക്കെടുത്ത് ആലപ്പുഴയിലെത്തിയ മത്സ്യത്തൊഴിലാളികളെ പോലീസ് പിടികൂടി നിരീക്ഷണത്തിലാക്കി. ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കാസര്‍കോട്ടുനിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ച ആലപ്പുഴ കാട്ടൂര്‍ സ്വദേശികളായ ഏഴ് മത്സ്യത്തൊഴിലാളികളെയാണ് ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയത്.
ലോക്ക്ഡൗണിന് മുന്‍പ് കാസര്‍കോട്ടേക്ക് വലപ്പണിക്കായി പോയതാണ് ഇവര്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പണി ഇല്ലാതായ ഇവര്‍ താമസസ്ഥലത്ത് കുടുങ്ങി. എങ്ങനെയും വീട്ടിലെത്താന്‍ ലക്ഷ്യമിട്ട മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച രാവിലെ വള്ളം വാടകയ്‌ക്കെടുത്ത് കടലിലൂടെ അലപ്പുഴയിലേക്ക് തിരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ഇവര്‍ കാട്ടൂര്‍ തീരത്ത് എത്തിയത്. എന്നാല്‍ കാട്ടൂര്‍ തീരത്തെത്തിയ ഇവര്‍ക്ക് വള്ളം കരയിലേക്ക് അടുപ്പിക്കാനായില്ല. നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കാസര്‍കോട് ജില്ലയില്‍ നിന്നെത്തിയതുകൊണ്ട് ചിലര്‍ ഇവരെ തടയുകയുമുണ്ടായി.
വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും ആരോഗ്യപ്രവര്‍ത്തകരും സംഭവത്തില്‍ ഇടപെട്ട് ആംബുലന്‍സില്‍ ഇവരെ പ്രത്യേക നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. എങ്ങനെയെങ്കിലും സ്വന്തം നാട്ടിലെത്താന്‍ ലക്ഷ്യമിട്ട മത്സ്യത്തൊഴിലാളികള്‍ക്ക് നാട്ടിലെത്തിയിട്ടും 14 ദിവസം കഴിഞ്ഞാലേ വീട്ടിലെത്താനാവൂ.
Discussion about this post