മുതലമട: വിദേശത്തുള്ള മകന് നാട്ടിലെത്തിയെന്നും കൊവിഡ് ബാധയുണ്ടെന്നും തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തി സംഭവത്തില്‍ പരാതി നല്കാന് പോയ ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു. ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയില്‍ സെയ്ദ് മുഹമ്മദിന്റെ മകന് ചായക്കട നടത്തുന്ന അള്ളാപിച്ചയാണ് (55) മരിച്ചത്.
അള്ളാപിച്ചയുടെ മകന് മുഹമ്മദ് അനസ് ഒന്നരവര്‍ഷത്തോളമായി സൗദി അറേബ്യയില്‍ ഡ്രൈവറാണ്. കോവിഡ് ബാധിതനായി അനസ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രചരിച്ചിരുന്നു. ഇതോടെ പതിവായി ചായകുടിക്കാനെത്തിയിരുന്ന പലരും വരാതായി. കഴിഞ്ഞ ഒരാഴ്ചയിലധികമായി ചായക്കട അടക്കേണ്ടിവന്ന സ്ഥിതിയിലായിരുന്നു. കുടുംബത്തെ ഒറ്റപ്പെടുത്തിനടത്തിയ വ്യാജ പ്രചാരണത്തില്‍ മനംനൊന്ത അള്ളാപിച്ച, ഭാര്യ സിറാജുന്നീസക്കൊപ്പം പരാതി നല്കാന് തീരുമാനിക്കുകയായിരുന്നു.
ശേഷം പോലീസ് സ്റ്റേഷനിലേയ്ക്ക് പോകവെയാണ് അള്ളാപിച്ച കുഴഞ്ഞുവീണ് മരിച്ചത്. ഉടന്‍ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നല്കി. തുടര്‍ന്ന്, പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകീട്ട് അഞ്ചോടെ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സ്വദേശി അരുണ്‍രാജിന്റെ (23) ഫോണ്‍ പിടിച്ചെടുത്തതായും ഇയാള്‍ക്കെതിരേ കേസെടുത്തതായും കൊല്ലങ്കോട് പോലീസ് അറിയിച്ചു.
Discussion about this post