പാനൂര്‍: കൊറോണ വൈറസ് ബാധിച്ച് മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. കണ്ണൂര്‍, പാനൂര്‍ നഗരസഭയില്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന് ഷബ്നാസ് (28) ആണ് മരിച്ചത്.
കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയവെ മദീനയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ വെച്ചു ശനിയാഴച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം. കരിയാട് പുനത്തില്‍ മുക്ക് സ്വദേശിയായ ഷഹനാസുമായി കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു ഷബ്നാസിന്റെ വിവാഹം.
വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിയുന്നതിനു മുമ്പ് തന്നെ ഷബ്നാസിന് സൗദി അറേബ്യയിലേക്ക് മടങ്ങേണ്ടിയും വന്നു. മാര്‍ച്ച് 10 നായിരുന്നു ഷബ്നാസ് സൗദിയിലെക്ക് തിരിച്ചു പോയത്. ഇതിന് ശേഷമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ഷബ്നാസ് ചികിത്സയിലായത്.
ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ബന്ധുക്കളാണ് ഷബ്നാസിന്റെ മരണവിവരം അറിയിച്ചത്. സഹോദരങ്ങള്‍: ഷബീര്‍, ശബാന.
Discussion about this post