കണ്ണൂർ: ഇന്ത്യയിൽ തന്നെ ആദ്യം കോവിഡ് 19 റിപ്പോർട്ട് ചെയ്ത് കേരളം ഒന്നു ഞെട്ടിച്ചെങ്കിലും പ്രതിരോധത്തിന്റെ മാതൃക കൂടി തീർത്ത് ഭയം അകറ്റാനും കേരളാ മോഡലിനായി. കൊറോണയെ ഒറ്റ ദിവസം കൊണ്ട് പദ്ധതി തയ്യാറാക്കി പ്രതിരോധിക്കുകയല്ല കേരളം ചെയ്തത്. സർക്കാരും ജനങ്ങളും ആരോഗ്യപ്രവർത്തകരും എല്ലാം ചേർന്നുള്ള ചിന്തിച്ചെടുത്ത ഒരു കൂട്ടായ പ്രവർത്തനമാണ് കൊറോണയെ തുരത്താൻ സഹായകരമാകുന്നത്. ഓരോദിവസവും കൊറോണ രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്യുമ്പോഴും ഭയപ്പെടേണ്ട തരത്തിൽ സമൂഹവ്യാപനമോ മറ്റ് അപകടമോ ഉണ്ടാകാതെ നോക്കുന്നത് ഈ നാട്ടിലെ ആരോഗ്യപ്രവർത്തകരുടെ കരുതൽ കൊണ്ട് കൂടിയാണ്.
മാതൃകാപരമായി കൊറോണയെ പ്രതിരോധിച്ച് വിസ്മയിപ്പിക്കുന്നവരുടെ കൂട്ടത്തിൽ മുൻനിരയിൽ തന്നെ തലശ്ശേരിയിലെ ഐഎംഎയുടെ ജനറൽ വിങ്ങും വനിതാ വിഭാഗവുമുണ്ട്. കണ്ണൂർ ജില്ലയിലെ തലശ്ശേരി സർക്കാർ ആശുപത്രിയിലാണ് ജില്ലയിലെ ഏറ്റവും കൂടുതൽ കോറോണ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇവിടെ ഐഎംഎ നടത്തുന്ന കൃത്യതയാർന്ന ഇടപെടൽ ജനശ്രദ്ധയാകർഷിക്കുന്നതും.
എടുത്തുപറയേണ്ട മാതൃകാപരമായ നടപടികൾ സ്വീകരിച്ചുകൊണ്ട്, കൊറോണയെന്ന ഈ മഹാമാരിയെ പ്രതിരോധിക്കാൻ ഐഎംഎയെ മുൻനിരയിൽ നിർത്തുന്നത് സംഘടനാ ഭാരവാഹികളുടെ പ്രവർത്തന മികവും നേതൃത്വ മികവും കൊണ്ടുകൂടിയാണ്.
ഐഎംഎ പ്രസിഡന്റ് ഡോ. സജീവ്, ഐഎംഎ സെക്രട്ടറി ഡോ. ജയകൃഷ്ണൻ നമ്പ്യാർ തുടങ്ങിയവർ ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രതിരോധത്തിന് ഇറങ്ങിത്തിരിച്ചതോടെ തലശ്ശേരി, കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ പുതിയ അധ്യായം തന്നെ തീർക്കുകയാണ്.
കൊറോണ പ്രതിരോധത്തിൽ വിള്ളൽ വീഴാതിരിക്കാൻ ഏറെ ശ്രദ്ധിക്കുന്നതാണ് തലശ്ശേരി ഐഎംഎ തയ്യാറാക്കിയ പ്രവർത്തന പരിപാടികൾ. തലശ്ശേരിയിലെ സർക്കാർ ആശുപത്രിയിലേക്ക് കൊറോണയുടെ പശ്ചാത്തലത്തിൽ ഏറ്റവും അടിയന്തരമായി ആവശ്യമായ പിപിഇ കിറ്റ് (പേഴ്‌സണൽ പ്രോട്ടക്ഷൻ എക്യുപ്‌മെന്റ് കിറ്റ്)എത്തിക്കാൻ സന്നദ്ധത അറിയിച്ചാണ് ഐഎംഎ ഇടപെടൽ ശക്തമാക്കിയത്.
ലോക്ക്ഡൗൺ കാലത്തു ലഭ്യത കുറവ് വരികയാണെങ്കിൽ സുരക്ഷാ ഉപകരണ കിറ്റുകൾ ഐഎംഎ വിവിധ സംഘടനകളുടെ സഹായത്തോടെ മുടങ്ങാതെ ആശുപത്രിയിലെത്തിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പിപിഇ കിറ്റിന് ക്ഷാമം നേരിട്ടാൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ തന്നെ ഭീഷണിയിലാകും. ഇത്തരത്തിൽ നിർഭാഗ്യകരമായ ഒന്നും സംഭവിക്കരുതെന്ന നിർബന്ധമാണ് ഐഎംഎ ഇടപെടലിന് പിന്നിൽ.
ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും മാത്രമല്ല, പാരാമെഡിക്കൽ ജീവനക്കാരുടെ സുരക്ഷയെ മുൻനിർത്തിയും ഐഎംഎ മുൻകൂട്ടി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. രോഗികളെ ശുശ്രൂഷിക്കുന്ന ജീവനക്കാർ നിശ്ചിത ദിവസത്തിനുള്ളിൽ ക്വാറന്റൈനിൽ പ്രവേശിക്കേണ്ടി വരും. അങ്ങനെയുള്ള അവസരങ്ങളിൽ വെന്റിലേറ്റർ ഉൾപ്പടെയുള്ള സുരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ നിലച്ചേക്കാനും സാധ്യതയുണ്ട്. ഇത്തരത്തിലൊരു അപ്രതീക്ഷിത തിരിച്ചടി നേരിടാതിരിക്കാനുള്ള മുൻകരുതലുകളും ഐഎംഎ സ്വീകരിക്കുന്നുണ്ട്. ഇതിനായി പാരാമെഡിക്കൽ ജീവനക്കാർക്കും വെന്റിലേറ്റർ ഉൾപ്പടെയുള്ളവയുടെ പ്രവർത്തനങ്ങൾ പഠിപ്പിച്ചു കൊടുക്കുന്ന ട്രെയിനിങ് ക്ലാസുകളും ഐഎംഎ നൽകി വരികയാണ്. മെഡിക്കൽ ക്രൈസിസ് മുന്നിൽ കണ്ട് ഐഎംഎ സ്വീകരിക്കുന്ന കരുതൽ നടപടികളെ അഭിനന്ദിക്കാതിരിക്കാനാകില്ല.
ലോകം തന്നെ കൊറോണ വൈറസിനെ ഭയന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് അടച്ചുപൂട്ടിയിരിക്കുമ്പോൾ , മാറി നിൽക്കാതെ കൊറോണ രോഗികളെ പരിചരിച്ച് തങ്ങളുടെ കടമ ചെയ്യുന്ന സർക്കാർ ആശുപത്രിയിലെ ജീവനക്കാർക്ക് മാനസികമായ പിന്തുണ ഈ ഘട്ടത്തിൽ ഏറെ ആവശ്യമാണ്. ഇതു കൃത്യമായി മനസിലാക്കി, കൊറോണ രോഗികളുമായി ഇടപെടുന്നവരെ മാനസികമായി പ്രചോദിപ്പിക്കുന്ന വീഡിയോകൾ തയ്യാറാക്കി നൽകുകയും ചെയ്യുകയാണ് ഐഎംഎ.
കൊറോണ ബാധിതരായ രോഗികൾ വിഷാദ രോഗത്തിലേക്ക് വരെ വീണുപോകാൻ സാധ്യതയുള്ളപ്പോൾ അവർക്ക് മാനസികമായ പിന്തുണ നൽകാനും ഐഎംഎ ശ്രമിക്കുന്നുണ്ട്. വീഡിയോ കോൺഫറൻസിലൂടെ ഐസൊലേഷനിൽ കഴിയുന്ന രോഗികളോട് സംവദിച്ചും പ്രചോദിപ്പിച്ചും അവർക്ക് ഒരു താങ്ങായും ഐഎംഎ മാറുകയാണ് ഇപ്പോൾ. നിരവധി പേർക്ക് വീഡിയോ കോൺഫറൻസിലൂടെ കൗൺസിലിങും നൽകി വരുന്നുണ്ട്.
ഐഎംഎയുടെ വനിതാ വിഭാഗം വിമ(വിമൺസ് ഓഫ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ)യും കൊറോണ പ്രതിരോധത്തിൽ പ്രശംസനീയമായ ഇടപെടലുകളാണ നടത്തുന്നത്. മലബാർ കാൻസർ സെന്ററിലേക്ക് മാസ്‌ക്കുകളും ഹാന്റ് സാനിറ്റൈസറുകളും വിമയുടെ നേതൃത്വത്തിൽ എത്തിച്ചിരുന്നു. ഒറ്റയ്ക്കുള്ള പ്രവർത്തനമല്ല, മറ്റുള്ളവരെ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒറ്റക്കെട്ടായി തീർക്കുന്ന പ്രതിരോധ മതിലിന് മാത്രമെ കൊറോണയെ തോൽപ്പിക്കാനാകൂവെന്ന് ഐഎംഎയും തലശ്ശേരിയും പ്രവർത്തനങ്ങളിലൂടെ വിളിച്ചുപറയുകയാണ്.