കോവിഡ് ഹോട്ട്‌സ്‌പോട്ടിൽ കേരളത്തിലെ ഏഴ് ജില്ലകളും;സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവർ 28 ദിവസത്തെ ഐസൊലേൻ നിർബന്ധമായും പാലിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് തന്നെ കൊറോണ വൈറസ് രോഗവ്യാപനം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ നമ്മുടെ നാട്ടിലെ ജാഗ്രത ഇനിയും വർധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മാർച്ച് 5 മുതൽ 24 വരെ വിദേശ രാജ്യങ്ങളിൽ നിന്നോ മറ്റ് സംസ്ഥാനങ്ങളിൽനിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും 28 ദിവസത്തെ ഐസലേഷൻ നിർബന്ധമായും പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. അത്തരക്കാർ ദിശാ നമ്പറിലേക്ക് വിളിക്കുകയും എന്തെല്ലാം ചെയ്യണമെന്ന് മനസിലാക്കുകയും വേണം. ഇവർ 60 വയസിന് മുകളിലുള്ളവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവരുമായി ഇടപഴകരുത്. സമൂഹ വ്യാപനം തടയനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയാണിതെന്നും അദ്ദേഹം പറഞ്ഞു.

പോത്തൻകോട്ട് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും തരത്തിൽ ജനജീവിതം സ്തംഭിപ്പിക്കാൻ അല്ല ഉദ്ദേശിക്കുന്നതെന്നും എന്നാൽ നല്ല കരുതലോടെ നാം നീങ്ങേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഒരു കുടുംബത്തെയും ഈ ഘട്ടത്തിൽ ഒറ്റപ്പെടുത്താൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തോട് ചിലർ സ്വീകരിക്കുന്ന സമീപനത്തെക്കുറിച്ച് പരാതികൾ ഉയർന്നിട്ടുണ്ട്. അത്തരത്തിൽ അനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ സംവിധാനവും സമൂഹവും ശ്രദ്ധിക്കേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഹോട്ട് സ്‌പോട്ടുകൾ എന്ന് തരം തിരിക്കപ്പെട്ട ജില്ലകളിൽ കേരളത്തിലെ കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകൾ ഉൾപ്പെട്ടതിനാൽ നമ്മൾ അതീവ ജാഗ്രത കാണിക്കണം. രോഗവ്യാപനം ലോകത്താകെ രൂക്ഷമാകുന്ന സാഹചര്യത്തിൽ നമ്മുടെ നാട്ടിലെ ജാഗ്രത ഇനിയും വർധിപ്പിക്കേണ്ടതുണ്ട്. മാർച്ച് 5 മുതൽ 24 വരെ വിദേശ രാജ്യങ്ങളിൽനിന്നോ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും 28 ദിവസത്തെ ഐസൊലേഷൻ നിർബന്ധമായും പൂർത്തിയാക്കണം. അത്തരക്കാർ ദിശ നമ്പരിലേക്ക് വിളിക്കുകയും എന്തൊക്കെ ചെയ്യണമെന്ന് മനസ്സിലാക്കുകയും വേണം.
60 വയസ്സിന് മുകളിലുള്ളവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവരുമായി അവർ ഇടപഴകാൻ പാടില്ല.

Exit mobile version