നാടിന്റെ അതിജീവനത്തിന് ഒപ്പം; പിഎസ്‌സിയോട് പടവെട്ടി എട്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം ജോലിയിൽ പ്രവേശിച്ചു; അഖിലിന്റെ ആദ്യശമ്പളം സാലറി ചലഞ്ചിലേക്ക്

തൊടുപുഴ: റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടും എട്ടുവർഷത്തെ കാത്തിരിപ്പും നിയമപോരാട്ടവും വേണ്ടി വന്നു കെഎസ് അഖിലിന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായി നിയമനക്കത്ത് ലഭിക്കാൻ. 2012ൽ പരീക്ഷ എഴുതിയ അഖിലിന് 2020 ഫെബ്രുവരിയിലാണ് ആരോഗ്യവകുപ്പിൽ നിയമനം ലഭിച്ചത്. ജോലിയിൽ പ്രവേശിച്ചപ്പോഴേക്കും നാടാകെ കൊറോണ ഭീതിയിൽ മുങ്ങിപ്പോവുകയും ചെയ്തിരുന്നു. ജോലിയിലും കൊറോണ ആശങ്കയും പ്രതിരോധ പ്രവർത്തനങ്ങളും മാത്രം.

പക്ഷേ, അതിനിടയിലും, അതിജീവനത്തിനായി ശ്രമിക്കുന്ന നാടിനെ മറക്കാൻ അഖിൽ തയ്യാറല്ല. മുഖ്യമന്ത്രി സർക്കാർ ജീവനക്കാർക്കു മുൻപാകെ സാലറി ചലഞ്ച് അവതരിപ്പിച്ചപ്പോൾ ഒട്ടും മടിക്കാതെ അഖിൽ പറഞ്ഞു, ‘എന്റെ ആദ്യശമ്പളം ഈ നാടിന്റെ അതിജീവനപ്പോരാട്ടത്തിന്…’

ഇടുക്കി മരിയാപുരം കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ അഖിൽ കൂത്താട്ടുകുളം കോണാപ്പള്ളി സ്വദേശിയാണ്. രോഗബാധിതനായ പൊതുപ്രവർത്തകന്റെ പഞ്ചായത്തുകൂടിയായ ഇടുക്കിയിലെ മരിയാപുരത്ത് അഖിലിന് ഏറെ ജോലികളുണ്ട്. കോവിഡ് രോഗിയുമായി ബന്ധമുള്ളവരെ കണ്ടെത്തണം, ക്വാറന്റൈനിലാക്കണം, ആളുകളെ കാര്യംപറഞ്ഞ് ബോധ്യപ്പെടുത്തണം, റിപ്പോർട്ട് നൽകണം.

നാടിന്റെ അതിജീവനത്തിന് ഒപ്പം നിൽക്കുന്നത് അഖിലിന് ഇത് പുതുമയല്ല. റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ ഭാരവാഹികൂടിയായിരുന്ന അഖിലിന്റെ നേതൃത്വത്തിൽ ഓഖി ദുരിതബാധിതർക്കായി ഒരുലക്ഷം രൂപ സമാഹരിച്ച് നൽകിയിരുന്നു.

Exit mobile version