തിരുവനന്തപുരം: ഏപ്രില്‍ പകുതിയോടെ കേരളത്തില്‍ കൊവിഡ് 19 നെ തടഞ്ഞുനിറുത്താനാവുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ആത്മാവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നതാണ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. സംസ്ഥാനത്ത് നിലവില്‍ 237 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സംഖ്യ 500 വരെ ഉയര്‍ന്നേക്കാം. ഏപ്രില്‍ മാസം പകുതിയോടെയായിരിക്കും കേരളത്തില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുക. എന്നാല്‍ ഇതിനപ്പുറത്തേക്ക് ഉയരില്ലെന്നാണ് വിദഗ്ദ്ധരുടെ കണക്ക് കൂട്ടല്‍.
വൈറസ് ബാധ നിയന്ത്രണവധേയമാക്കാനായി നിലവില്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ തന്നെ തുടരുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും പരമാവധി പേരെ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്താല്‍ വൈറസ് ബാധ നിയന്ത്രിക്കാനാകുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ദ്ധ സംഘത്തിലെ അംഗവും സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗവുമായ ഡോ. ഇ ഇക്ബാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ ആരോഗ്യവകുപ്പ് ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നതെന്നും ഐഎംഎയിലെ വിദഗ്ദ്ധരും പറയുന്നു. നിയന്ത്രണങ്ങള്‍ ഒഴിവാക്കാമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ പഠനം ആവശ്യമുണ്ട്. കേരളത്തില്‍ കാസര്‍കോട്, പത്തനംതിട്ട ജില്ലകള്‍ വൈറസിന്റെ ഹോട്ട്‌സ്പോട്ടായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സൗത്ത് കൊറിയന്‍ മാതൃകയില്‍ കൊവിഡ് 19 ബാധ കണ്ടെത്താനായി വ്യാപകമായി റാപിഡ് ടെസ്റ്റ് നടത്താനുള്ള ഒരുക്കത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്. ഇതിന് ആവശ്യമായ കിറ്റുകള്‍ വദേശത്തു നിന്ന് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ചെലവു കുറവാണെന്നതും പെട്ടെന്ന് ഫലം ലഭിക്കുമെന്നതുമാണ് റാപിഡ് ടെസ്റ്റിന്റെ ഗുണങ്ങള്‍. സമൂഹവ്യാപനം കണ്ടെത്താനും ഒഴിവാക്കാനുമുള്ള മികച്ച മാര്‍ഗവും റാപിഡ് ടെസ്റ്റാണ്. രാജ്യത്ത് ആദ്യമായി റാപിഡ് ടെസ്റ്റ് നടത്താനുള്ള അനുമതി കേരള സര്‍ക്കാരിന് ഐ.സി.എം.ആര്‍ നല്‍കിയിരുന്നു.
കാസര്‍കോട്ടും പത്തനംതിട്ടയിലും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വദേശത്തു നിന്നെത്തിയവരിലും അവരുമായി അടുത്ത് ഇടപഴകിയവരിലും പൊതുവില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരിലും റാപിഡ് ടെസ്റ്റ് നടത്താനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഇതിനു പുറമെ ആരോഗ്യപ്രവര്‍ത്തകരിലും റാപിഡ് ടെസ്റ്റ് നടത്തും.
സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കാനുള്ള കാരണം ഫലപ്രദമായ ടെസ്റ്റിംഗ് നടക്കുന്നതു കൊണ്ടാണെന്നും ഇതു നേട്ടമാണെന്നുമാണ് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ലോകത്തു തന്നെ കൊവിഡ് 19 പരിശോധന നടത്തുന്നതില്‍ ഏറ്റവും പിന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ കേരളത്തിന്റെ സ്ഥിതി ഈ സാഹചര്യത്തില്‍ ഏറെ മെച്ചമാണെന്നും വിദഗ്ദര്‍ കണക്ക് നിരത്തി പറയുന്നു.