കണ്ണൂർ: സോഷ്യൽ ഡിസ്റ്റൻസിങാണ് കൊറോണയെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗമെന്ന നിലയിലാണ് രാജ്യമെമ്പാടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. വളരെ അത്യാവശ്യമായ സമയത്തല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് കർശ്ശന നിർദേശവുമുണ്ട്. എങ്കിലും അവശ്യ സാധനങ്ങൾ വാങ്ങിക്കാനായി കടകളിലേക്കും മറ്റും പോകുന്ന ആളുകൾക്ക് കൂട്ടമായി നിൽക്കുന്നത് ഒഴിവാക്കാനാകാതെ വരികയാണ്. ഇതോടെ ഇക്കാര്യത്തിന് ഒരു പരിഹാരമെന്ന നിലയിൽ ഓൺലൈനിലൂടെ തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്ന പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് തലശ്ശേരി എംഎൽഎയായ എഎൻ ഷംസീർ.
പീടിക എന്ന മൊബൈൽ ഓൺലൈൻ പർച്ചേസിങ് ആപ്പാണ് ഷംസീറിന്റെ നിർദേശ പ്രകാരം തയ്യാറാക്കിയിരിക്കുന്നത്. ഈ ആപ്പിലൂടെ പലചരക്ക് സാധനങ്ങൾ, പഴം പച്ചക്കറികൾ, സാനിറ്ററി ഇനങ്ങൾ എന്നിവ ഓർഡർ ചെയ്യാം. ഭക്ഷണവും മരുന്നും ഇതുവഴി എത്തിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓർഡർ ചെയ്യുന്ന വസ്തുക്കൾ ഡിവൈഎഫ്ഐ വളണ്ടിയർമാർ വീടുകളിൽ നേരിട്ട് എത്തിക്കും.
ഈ അടിയന്തര ഘട്ടത്തിൽ വളരെ അത്യാവശ്യമായ സേവനമാണ് എഎൻ ഷംസീർ എംഎൽഎ ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റാർട്ട് അപ്പ് സംരംഭമായ Daflowയും Dockfox എന്ന ഐടി സ്ഥാപനവുമാണ് പീടിക ആപ്പ് നിർമ്മാണത്തിലെ സാങ്കേതിക പങ്കാളികൾ.
എഎൻ ഷംസീർ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്:
‘ശാരീരിക അകലം. സാമൂഹിക ഒരുമ.’
കടകളിൽ ആളുകൾ കൂട്ടമായി നിൽക്കുന്നത് ഒഴിവാക്കുന്നതിനായി ഓൺലൈൻ പർച്ചേസിംഗ് ആപ്പ് സേവനം MLA എന്ന നിലയിൽ എന്റെ ഓഫീസ് നേതൃത്വം നൽകി ലഭ്യമാക്കുകയാണ്
പീടിക എന്ന മൊബൈൽ ആപ്പ് ജനങ്ങൾക്ക് സമർപ്പിച്ചു. തലശ്ശേരി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായ തലശേരി നഗരസഭയിലേയും കതിരൂർ, എരഞ്ഞോളി, പന്ന്യന്നൂർ, ചൊക്ലി, ന്യൂ മാഹി എന്നീ ഗ്രാമ പഞ്ചായത്തുകളിലേയും ജനങ്ങൾക്ക് പീടിക ആപ്പിലൂടെ അവശ്യ സാധനങ്ങൾ ഓർഡർ ചെയ്യാം. ഇത് DYFI വളണ്ടിയർമാർ വീടുകളിൽ എത്തിക്കും.
പലചരക്ക് സാധനങ്ങൾ, പഴം പച്ചക്കറികൾ, സാനിറ്ററി ഇനങ്ങൾ എന്നിവ ഓർഡർ ചെയ്യാം. ഭക്ഷണവും മരുന്നും എത്തിക്കാനുള്ള സൗകര്യവും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റാർട്ട് അപ്പ് സംരംഭമായ Daflow യും Dockfox എന്ന IT സ്ഥാപനവുമാണ് സാങ്കേതിക പങ്കാളികൾ .
Discussion about this post