കൊച്ചി: വിത്ത്ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് മദ്യം വിതരണം ചെയ്യാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ടിഎന്‍ പ്രതാപന് എംപിയുടെ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി നടപടി. ഡോക്ടറുടെ കുറിപ്പടിയുമായി വന്നാല്‍ മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവും ഇതിനോടനുബന്ധിച്ച് ബെവ്കോ എംഡി പുറപ്പെടുവിച്ച ഉത്തരവും കോടതി സ്റ്റേ ചെയ്തു.
ഐഎംഎ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘടനകളും സര്‍ക്കാര്‍ ഉത്തരവിന് എതിരെ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം മദ്യം വീട്ടിലെത്തിച്ചു നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്ര സര്‍ക്കാരും രംഗത്ത് എത്തിയിരുന്നു. ഇത്തരത്തിലൊരു തീരുമാനം എടുത്തത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് യഅയക്കുകയും ചെയ്തിരുന്നു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളും പൂട്ടിയതോടെ സംസ്ഥാനത്ത് മദ്യാസക്തി മൂലം ആറു പേര് ആത്മഹത്യ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ വിത്ത്ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നിയന്ത്രിത അളവില്‍ മദ്യം നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവാണ് ഇപ്പോള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
Discussion about this post