തിരുവനന്തപുരം: റിസര്‍വ്വ് ബാങ്ക് കേരളത്തിന് വായ്പാനുമതി നല്‍കിയില്ലെങ്കില്‍ കാര്യങ്ങളൊക്കെ തകിടം മാറിയും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അര്‍ഹതപ്പെട്ട വായ്പാനുമതിയാണ് ചോദിച്ചിട്ടുള്ളത്. ഇത് ലഭിച്ചില്ലെങ്കില്‍ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കും.
കൊവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ആയി ഏതാണ്ട് 12,000 കോടി രൂപയുടെ ആവശ്യം സംസ്ഥാനത്തിന് വരുമെന്നാണ് ധനകാര്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. കൊവിഡ് എല്ലാ മേഖലയെയും സ്തംഭിപ്പിച്ച സാഹചര്യത്തില്‍, 4706 കോടി രൂപയാണ് സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷനായി വിതരണം ചെയ്യുന്നത്. സൗജന്യ റേഷന്‍ വിതരണത്തിന് 500 കോടിയിലേറെ രൂപ വേണം.
തദ്ദേശസ്ഥാപനങ്ങളുടെയടക്കം ക്യൂവിലിരിക്കുന്ന ബില്ലുകള്‍ക്കും ഇനി സമര്‍പ്പിക്കാന്‍ പോകുന്ന ബില്ലുകള്‍ക്കും മറ്റുമായി 5000 കോടി രൂപവേണം. മരുന്നും ഭക്ഷണവും ആരോഗ്യസുരക്ഷയും പ്രതിരോധവുമടക്കമുള്ള മേഖലയില്‍ വലിയ ചെലവാണ് സംസ്ഥാനം വഹിക്കുന്നത്. ജിഎസ്ടി ഉള്‍പ്പെടെ എല്ലാ വരുമാനമാര്‍ഗങ്ങളും താല്‍ക്കാലികമായി അടഞ്ഞതോടെ വായ്പ എടുക്കുക മാത്രമാണ് സംസ്ഥാനത്തിന് മുന്‍പിലുള്ള ഏക പോംവഴി.
ഇതിന് അനുവാദം നല്‍കാമെന്ന് തത്വത്തില്‍ കേന്ദ്രം പ്രതികരിച്ചിട്ടുണ്ടെങ്കിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യില്‍നിന്നുള്ള സൂചനകള്‍ സംസ്ഥാനത്തിന് അനുകൂലമല്ല. കേരളത്തിന് ഈ വര്‍ഷം 25,000 കോടി രൂപ കടമെടുക്കാം. ഇതില്‍ 13,500 കോടി ഏഴുമാസത്തിനുള്ളില്‍ ഏടുക്കാമെന്ന് കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 7000 കോടി രൂപയുടെ കടപത്രം ഏഴിന് നടക്കുന്ന ലേലത്തിന് വയ്ക്കണമെന്ന് റിസര്‍വ് ബാങ്കിനോട് കേരളം ആവശ്യപ്പെട്ടത്.
എന്നാല്‍ സംസ്ഥാനങ്ങളുടെ കടപത്ര വില്‍പ്പന സംബന്ധിച്ച റിസര്‍വ് ബാങ്ക് സൂചനാ കലണ്ടറില്‍ കേരളത്തിന്റെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള തുക നിര്‍ദേശിച്ചിട്ടില്ല. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 4.88 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ കടമെടുക്കുന്നത്. ഇത് കേന്ദ്രത്തിന് കടമെടുക്കാവുന്നതിന്റെ 63 ശതമാനമാണ്. ഈ വര്‍ഷം ആകെ എടുക്കാവുന്നത് 7.8 ലക്ഷം കോടിയും.