ഗള്‍ഫ് യാത്രക്കാരോട് മോശമായി പെരുമാറുന്നു; കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിനെതിരെ വ്യാപക പരാതി

ഗള്‍ഫ് യാത്രക്കാരോട് മോശമായി പെരുമാറുന്നതായും ബാഗേജിന് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്നതായും യാത്രക്കാര്‍ പറയുന്നു

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിനെതിരെ വ്യാപക പരാതി. ഗള്‍ഫ് യാത്രക്കാരോട് മോശമായി പെരുമാറുന്നതായും ബാഗേജിന് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്നതായും യാത്രക്കാര്‍ പറയുന്നു. കസ്റ്റംസ് ഹാളിലെ കൗണ്ടറുകളോട് ചേര്‍ന്നുളള സിസിടിവി ക്യാമറകള്‍ വിഛേദിച്ചതായും പരാതിയുണ്ട്.

നേരത്തെ തന്നെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങള്‍ക്കെതിരെ യാത്രക്കാരുടെ ഭാഗത്ത് നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. അന്തര്‍ ദേശീയ യാത്രക്കാര്‍ക്ക് ലോക നിലവരാത്തിലുള്ള സേവനവും പെരുമാറ്റവും ലഭിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍, സി ഐഎസ്എഫ് വിഭാഗം യാത്രക്കാരോടുളള പെരുമാറ്റം മെച്ചെപ്പടുത്തിയിരുന്നു. എന്നാല്‍, കസ്റ്റംസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇപ്പോഴും യാത്രക്കാരോട് മോശമായി പെരുമാറുന്നുവെന്നാണ് പരാതി.

പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് അത്യാധുനിക യന്ത്രങ്ങള്‍ സ്ഥാപിച്ചെങ്കിലും ഇപ്പോഴും ഇവ പ്രവര്‍ത്തിക്കുന്നില്ല. സ്ഥല പരിമിതിയുടെ കാരണം പറഞ്ഞ് പുതിയ മെറ്റല്‍ ഡിറ്റക്ടര്‍ വാതില്‍പോലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവിടെ ഉപയോഗിക്കുന്നില്ല.

കസ്റ്റംസ് ഹാളിലെ കൗണ്ടറുകളോട് ചേര്‍ന്നുളള സിസിടിവി ക്യാമറകള്‍ വിഛേദിച്ചതിനെതിരെയും നിരവധി പരാതികളുണ്ട്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. മുന്‍ എയര്‍പോര്‍ട്ട് ഡയറക്ടറോട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിരന്തരമായി ആവശ്യപ്പെട്ട് ക്യാമറകള്‍ വിഛേദിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

Exit mobile version