തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചിരിക്കുകയാണ്. 14.5 ലക്ഷം ആളുകള്‍ക്കായി 21,472 മെട്രിക് ടണ്‍ അരിയാണ് ഇന്ന് വിതരണം ചെയ്തത്. ഇതിനു പുറമെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യവിഭവ കിറ്റിന്റെ വിതരണവും ഈ ആഴ്ച തന്നെ ആരംഭിക്കും. അതേസമയം സൗജന്യ റേഷന്‍ വാങ്ങിക്കാന്‍ പോവുമ്പോള്‍ ജനങ്ങള്‍ ഈ കാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കണം. അവ ഇതൊക്കെയാണ്,
1. റേഷന്‍ വാങ്ങിക്കാനുള്ള സമയം
ദിവസവും രാവിലെ മുതല്‍ ഉച്ചവരെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്ക് ശേഷം മുന്‍ഗണേതര വിഭാഗങ്ങള്‍ക്കുമായിരിക്കും സൗജന്യ റേഷന്‍ വിതരണം ചെയ്യുക.
2. ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ്
അന്ത്യോദയാ വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പിഎച്ച്എച്ച് വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്ക് കാര്‍ഡിലുള്ള ഒരു അംഗത്തിന് അഞ്ച് കിലോ വീതം സൗജന്യ ധാന്യം ലഭിക്കും. വെള്ള, നീല കാര്‍ഡുകളുള്ള മുന്‍ഗണേതര വിഭാഗങ്ങള്‍ക്ക് 15 കിലോഗ്രാം ഭക്ഷ്യധാന്യമാണ് ലഭിക്കുക. നിലവില്‍ 15 കിലോയില്‍ കൂടുതല്‍ ധാന്യം ലഭിക്കുന്ന നീല കാര്‍ഡ് ഉടമകള്‍ക്ക് അത് തുടര്‍ന്നും ലഭിക്കും.
3. സൗജന്യ റേഷന്‍ വിതരണം എന്നുവരെ
ഏപ്രില്‍ 20 വരെയാണ് സൗജന്യ റേഷന്‍ വിതരണം. അതിനുശേഷം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ റേഷന്‍ വിതരണം.
4. സുരക്ഷാ ക്രമീകരണങ്ങള്‍
കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചായിരിക്കും റേഷന്‍ വിതരണം. ഒരു കടയില്‍ ഒരു സമയം അഞ്ചുപേരെ മാത്രമാണ് അനുവദിക്കുകയുള്ളൂ. ഇതിനായി ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും. കടയില്‍ നേരിട്ടെത്തി സാധനം വാങ്ങിക്കാന്‍ സാധിക്കാത്തവര്‍ക്ക് വീട്ടിലെത്തിച്ച് കൊടുക്കാന്‍ റേഷന്‍ കടയുടമ ക്രമീകരണം ഉണ്ടാക്കണം. ഇതിനായി ജനപ്രതിനിധികളുടെയും പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായവും ഉപയോഗപ്പെടുത്താം.
5. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക്
റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്നുണ്ട്. ഇതിനായി ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പരും ചേര്‍ത്തുള്ള സത്യവാങ്മൂലം റേഷന്‍ വ്യാപാരിക്ക് നല്കിയാല് മതി.
6. തെറ്റായ വിവരങ്ങള്‍ നല്കിയാല്
റേഷന്‍ കാര്‍ഡില്ലെന്ന് കളവായി സത്യവാങ്മൂലം നല്കി റേഷന്‍ കൈപ്പറ്റുന്നവരില്‍ നിന്ന് ധാന്യത്തിന്റെ മാര്‍ക്കറ്റ് വിലയുടെ ഒന്നര ഇരട്ടി തുക പിഴയായി ഈടാക്കും.
7. റേഷന്‍ വാങ്ങേണ്ട തീയതികള്‍
ഏപ്രില്‍ ഒന്നാം തിയതി – 0, 1 അക്കങ്ങളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക്
ഏപ്രില്‍ രണ്ടാം തിയതി – 2, 3 അക്കങ്ങളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക്
ഏപ്രില്‍ മൂന്നാം തിയതി – 4,5 അക്കങ്ങളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക്
ഏപ്രില്‍ നാലാം തിയതി – 6,7 അക്കങ്ങളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക്
ഏപ്രില്‍ അഞ്ചാം തിയതി – 8,9 അക്കങ്ങളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക്
Discussion about this post