വിളവൂര്‍ക്കല്‍: പിറന്നാള്‍ ദിനത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആറ്റില്‍ മുങ്ങിമരിച്ചു. പിറന്നാള്‍ ആഘോഷത്തിനായി എത്തിയ കൂട്ടുകാര്‍ക്കൊപ്പം കരമനയാറ്റില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഒപ്പം ഇറങ്ങിയ അനുജനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തിരച്ചില്‍ തുടരുകയാണ്. കുണ്ടമണ്‍കടവിനു സമീപം മൂലത്തോപ്പ് പനച്ചോട്ടുകടവില്‍ കുളിക്കാനിറങ്ങിയ രാഹുല്‍ ചന്ദ്രനാണ്(18) മുങ്ങിമരിച്ചത്. അനുജന്‍ ശരത് ചന്ദ്രനെ(13)യാണ് കാണാതായത്.
പേയാട് പനങ്ങോട് താഴെ ചിറയ്ക്കല്‍ സായിഭവനില്‍ പൂക്കട നടത്തുന്ന അനില്‍കുമാറിന്റെയും ശ്രീജയുടെയും മക്കളാണിരുവരും. രാഹുല്‍ വട്ടിയൂര്‍ക്കാവ് ഭാരതീയ വിദ്യാഭവനിലും ശരത് പൂജപ്പുര ബേബിലാന്‍ഡ് സ്‌കൂളില്‍ എട്ടാം ക്ലാസിലും പഠിക്കുന്നു. ചൊവ്വാഴ്ച രാഹുലിന്റെ പിറന്നാളായിരുന്നു. വൈകീട്ട് ആഘോഷങ്ങള്‍ക്കെത്തിയതാണ് കൂട്ടുകാര്‍. വൈകീട്ട് ആറുമണിയോടെയാണ് കുട്ടികള്‍ അഞ്ചുപേര്‍ വീട്ടുകാരോടു പറയാതെ കുളിക്കാന്‍ പോയത്.
കുളിക്കാനിറങ്ങിയ രാഹുലും ശരത്തും ഭരതും ആറ്റില്‍ നീന്തുകയായിരുന്നു. ഇതിനിടയിലാണിവര്‍ ഒഴുക്കില്‍പ്പെട്ടത്. കുട്ടികളുടെ നിലവിളി കേട്ട നാട്ടുകാര്‍ ഭരതിനെ രക്ഷിച്ചു കരയ്ക്കുകയറ്റി. തുടര്‍ന്ന് അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് രാഹുലിന്റെ മൃതദേഹം ലഭിച്ചത്. ശരത്തിനായുള്ള തിരച്ചില്‍ വെളിച്ചക്കുറവു കാരണം രാത്രിയോടെ അവസാനിപ്പിച്ചു. ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.
Discussion about this post