തൃശ്ശൂർ: ജോർദാനിൽ ആടുജീവിതം സിനിമയുടെ ഷൂട്ടിങിന് പോയി അവിടെ കുടുങ്ങിപ്പോയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും ക്രൂവും നാട്ടിലെത്താൻ സഹായമഭ്യർത്ഥിക്കുകയാണ്. ഇതിനിടെ ഇവർക്ക് നേരെ വർഗ്ഗീയത ചീറ്റി രാഷ്ട്രീയമായി അവസരം മുതലെടുക്കാനുള്ള ശ്രമം നടത്തി മുൻഡിജിപിയും ബിജെപി നേതാവുമായ ടിപി സെൻകുമാർ.
ജോർദാനിൽ കുടുങ്ങിക്കിടക്കുന്ന പൃഥ്വിരാജിന് ഒരു കാര്യം മനസിലായിട്ടുണ്ടാകും അനധികൃതമായി ഒരു രാജ്യത്ത് തങ്ങാൻ പറ്റില്ലെന്ന്- എന്നൊക്കെയാണ് ക്രൂരമായി സെൻകുമാർ ഫേസ്ബുക്കിലൂടെ പരാമർശിച്ചിരിക്കുന്നത്.
ജോർദാനിൽ കുടുങ്ങിയവരോട്, ജോർദാനിൽ സിഎഎ ഉണ്ടോ? അല്ല അവിടെ ഏവനും കേറി കിടക്കാമോ? കൂട്ടത്തിൽ ഒരു ലേഡി സിഎഎ നടപ്പാക്കിയാൽ മതം മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു…എന്തായി?? എന്നൊക്കെ ചോദിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സെൻകുമാർ. സിഎഎ നടപ്പാക്കി ആരെയെങ്കിലും രാജ്യത്ത് പുറത്താക്കിയാൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്ലാം മതത്തിലേക്ക് മാറുമെന്ന നടി പാർവതി തെരുവോത്തിന്റെ പ്രസ്താവനയാണ് സെൻകുമാർ പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്.
‘ഇപ്പോഴും ഭാരതം, സനാതന ധർമം എന്നിവ നശിക്കാതെ ഉള്ളതുകൊണ്ട് അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായിട്ടും നിങ്ങൾ രക്ഷപ്പെടുന്നു.’ എന്നും സെൻകുമാർ ഫേസ്ബുക്കിലൂടെ പറയുന്നു.
സിഎഎയ്ക്ക് എതിരെ ശക്തമായി വാദിച്ച മലയാള സിനിമാ താരങ്ങളെ ശത്രുപക്ഷത്ത് നിർത്തിയിട്ടുള്ള സെൻകുമാർ ഒരു അവസരം ലഭിച്ചപ്പോൾ പരിസരം മറന്ന് അട്ടഹസിക്കുന്നതാണ് പോസ്റ്റിൽ വ്യക്തമാവുന്നത്. നാട്ടിലെത്താൻ സഹായിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ച സിനിമാപ്രവർത്തകരെ അപമാനിക്കുന്നതും മുറിവേൽപ്പിക്കുന്നതുമാണ് സെൻകുമാറിന്റെ വാക്കുകൾ.
കൊറോണ പടരുന്ന പശ്ചാത്തലത്തിൽ ജോർദാൻ ഗതാഗത സംവിധാനങ്ങൾ മരവിപ്പിക്കുകയും ഇന്ത്യ വിമാന സർവീസുകൾ ഉൾപ്പടെ നിർത്തി വെയ്ക്കുകയും ചെയ്തതോടെയാണ് ഷൂട്ടിങിനായി പോയ പൃഥ്വിരാജ് ഉൾപ്പടെ 50 ഓളം പേരടങ്ങുന്ന സിനിമാസംഘം ജോർദാനിൽ കുടുങ്ങിയത്.
ടിപി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ജോർദാനിൽ കുടുങ്ങിക്കിടക്കുന്ന പൃഥ്വിരാജിന് ഒരു കാര്യം മനസിലായി… ‘അനധികൃതമായി ഒരു രാജ്യത്ത് തങ്ങാൻ പറ്റില്ലെന്ന്……’!!
അനുഭവത്തിലൂടെയുള്ള അറിവിനോളം ഒന്നും വരില്ല. ജോർദാനിൽ CAA ഉണ്ടോ? അല്ല അവിടെ ഏവനും കേറി കിടക്കാമോ?
കൂട്ടത്തിൽ ഒരു ലേഡി CAA നടപ്പാക്കിയാൽ മതം മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു…എന്തായി..??
ഇപ്പോഴും ഭാരതം, സനാതന ധർമം എന്നിവ നശിക്കാതെ ഉള്ളതുകൊണ്ട് അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായിട്ടും നിങൾ രക്ഷപ്പെടുന്നു.