കാസര്‍കോട് അതിര്‍ത്തി തുറക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക; നിലപാട് മനുഷ്യത്വരഹിതമെന്ന് കേരളാ ഹൈക്കോടതി

കൊച്ചി: മണ്ണിട്ട് അടച്ച കാസര്‍കോട് അതിര്‍ത്തി തുറക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക. കൂര്‍ഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാനാകില്ലെന്നും രോഗ ബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു പ്രദേശത്തു നിന്ന് വേര്‍തിരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കര്‍ണാടക കോടതിയില്‍ എടുത്ത നിലപാട്. എന്നാല്‍ കൊവിഡ് വൈറസ് ബാധയില്ലാത്ത മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന കോടതി ആവശ്യപ്പെട്ടപ്പോള്‍ അത്തരക്കാരെ വേര്‍തിരിച്ചു കണ്ട് പിടിക്കാന്‍ ബുദ്ധിമുട്ടാണെന്ന നിലപാടിലാണ് കര്‍ണാടക. മംഗലാപുരം റെഡ് സോണ്‍ ആയി ഇന്ന് രാവിലെ ഡിക്ലൈര്‍ ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയാല്‍ ചെയ്യാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്നും കര്‍ണാടക കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ മനുഷ്യജീവന്റെ പ്രശ്നമാണ് ഇതെന്നും കൂടുതല്‍ നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ കര്‍ണാടക കൂടുതല്‍ സമയം ആശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദേശം. കേസില്‍ ഇന്നുതന്നെ വിധി ഉണ്ടായേക്കും. വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തും. ഇതിനുശേഷമാകും കര്‍ണാടക കോടതിയെ തീരുമാനമറിയിക്കുക എന്നാണ് വിവരം. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചീഫ് സെക്രട്ടറിമാര്‍ ഇന്നുതന്നെ ആശയവിനിമയം നടത്തുമെന്നാണ് സൂചന.

സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമായതിനാല്‍ സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നതാകും ഉചിതമെന്ന വാദവും കോടതി അംഗീകരിച്ചില്ല. കേരളത്തിലെ ജനങ്ങളുടെ പ്രശ്നമായതിനാല്‍ കേരള ഹൈക്കോടതിയ്ക്ക് ഇടപെടാമെന്ന് കോടതി വ്യക്തമാക്കി. രാജ്യത്ത് എല്ലാ പൗരന്മാര്‍ക്കും ചികില്‍സ കിട്ടാന്‍ തുല്യ അവകാശമുണ്ടെന്നും കേരളം വ്യക്തമാക്കി. കര്‍ണാടകത്തിന്റേത് മൗലികാവകാശ ലംഘനമാണ്. കൊവിഡിന് മാത്രമേ ചികില്‍സ നല്‍കൂവെന്ന് ഡോക്ടര്‍മാര്‍ പറയുമോയെന്ന് കോടതി ചോദിച്ചു. മറ്റ് രോഗങ്ങള്‍ മൂലം ആളുകള്‍ മരിച്ചാല്‍ ആര് സമാധാനം പറയും. മറ്റ് അസുഖങ്ങള്‍ക്കും ചികില്‍സ കിട്ടണ്ടേയെന്നും കോടതി ചോദിച്ചു.

Exit mobile version