തൃശ്ശൂർ: കൊറോണ ആദ്യമായി സ്ഥിരീകരിക്കപ്പെട്ട കേരളം എത്ര ഫലപ്രദമായാണ് പ്രതിരോധ നടപടികൾ കൈക്കൊണ്ടതെന്ന് റിപ്പബ്ലിക് ചാനലിലെ ചർച്ചയ്ക്കിടെ അവതാരകൻ അർണബ് ഗോസ്വാമിയോട് വിവരിച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോവിഡ് 19നെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിയും അരോഗ്യമന്ത്രിയും നടത്തിയ ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു. ലോക്ക് ഡൗണിൽ സംസ്ഥാനമെങ്ങും അതിവേഗം കമ്മ്യൂണിറ്റി കിച്ചൺ ഫലപ്രദമായി ആരംഭിച്ച് എല്ലാവർക്കും ഭക്ഷണം ഉറപ്പുവരുത്താൻ സർക്കാർ നിർണായക ഇടപെടൽ നടത്തിയെന്നും ഗവർണർ ചർച്ചയിൽ വിശദീകരിച്ചു.
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ അവതരിപ്പിച്ച എപ്പിഡമിക് ഡിസീസസ് 2020 ഓർഡിനൻസിൽ ഒപ്പുവെയ്ക്കാനുണ്ടായ സാഹചര്യം മുൻനിർത്തിയുള്ള അർണാബിന്റെ ചോദ്യത്തിനായിരുന്നു ഗവർണറുടെ മറുപടി. ചൊവ്വാഴ്ച രാത്രിയിലെ ചർച്ചയിലാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്.
കോവിഡ് പ്രതിരോധത്തിനുള്ള സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ച്, മതപരമായതുൾപ്പെടെ എന്ത് കാരണത്താലായാലും പൊതു ഇടങ്ങളിൽ ഒത്തുകൂടുന്നവർക്ക് ജയിൽ ശിക്ഷ നൽകുന്ന ഓർഡിനൻസിന് അംഗീകാരം നൽകാൻ എന്തുകൊണ്ടാണ് തീരുമാനിച്ചത്?എന്തായിരുന്നു താങ്കളുടെ മനസ്സിൽ? എന്നായിരുന്നു അർണബ് ഗോസ്വാമിയുടെ ചോദ്യം
ഇതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ മറുപടി: നമ്മൾ വളരെ ഗുരുതരമായ സാഹചര്യത്തെയാണ് നേരിടുന്നത്. പ്രധാനമന്ത്രി പറഞ്ഞതുപോലെ സാമൂഹ്യമായി അകലംപാലിക്കുന്നത് കോവിഡ് വ്യാപനത്തിന്റെ കണ്ണികൾ തകർക്കാൻ അത്യാവശ്യമാണ്. കൊറോണയ്ക്കെതിരെ വാക്സിനേഷൻ ഇല്ലെന്ന കാര്യം നമുക്ക് നന്നായറിയാം. ഈ വൈറസ് പടരുന്നതിന്റെ സ്വഭാവമെന്തെന്ന് ശാസ്ത്രീയമായി വ്യക്തമാക്കുന്ന വിശദാംശങ്ങൾ നമ്മുടെ കയ്യിൽ ഇപ്പോഴുമില്ല. ചൈനയിലെ വുഹാനിൽ നിന്നുള്ള ഒരു ഡോക്ടറുടെ മികച്ച ഒരു ഇന്റർവ്യൂ കാണാനിടയായി. സാമൂഹ്യമായ അകലംപാലിക്കലിലൂടെ കൊവിഡ് ചങ്ങല തകർക്കുകയെന്നത് മാത്രമാണ് കാര്യക്ഷമമായി സ്വീകരിക്കാവുന്ന രീതിയെന്നും അങ്ങനെയാണ് ചൈനയിൽ നിയന്ത്രണവിധേയമായതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇപ്പോഴും അകലം പാലിക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിയാത്തവരുണ്ട്. സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ചില്ലെങ്കിൽ നിങ്ങളെ ബാധിക്കുമെന്ന് മാത്രമല്ല മറ്റുള്ളവർക്കുകൂടി നിങ്ങൾ അപകടം വരുത്തിവെയ്ക്കാൻ കാരണമാകുകയും ചെയ്യും.
സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾ അതുപോലെ പാലിക്കുകയാണ്. കേരളത്തിലാണ് രാജ്യത്ത് ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത്.ഇവിടെ ഇതുവരെ രോഗം ബാധിച്ചവരിൽ 80 ശതമാനവും ഗൾഫ് യൂറോപ്പ്, യുകെ എന്നിവിടങ്ങളിൽ നിന്ന് വന്നവരാണ്. ശേഷിക്കുന്ന 20 ശതമാനം പേരാണ് സംസ്ഥാനത്തുണ്ടായിരുന്നവർ. ഇത്തരത്തിലാകാൻ കാരണം ആദ്യ ദിവസം മുതൽ സർക്കാർ എടുത്ത നടപടികളാണ്. മുഖ്യമന്ത്രി മാത്രമല്ല, ഞങ്ങളുടെ ആരോഗ്യമന്ത്രി ആദ്യ ദിവസം മുതൽ തന്നെ വളരെ സജീവമായി രംഗത്തുണ്ട്. അവർ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചു. പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ 24 മണിക്കൂറിനകം സംസ്ഥാനത്ത് 483 ലധികം കമ്മ്യൂണിറ്റി കിച്ചണുകളാണ് പ്രവർത്തനമാരംഭിച്ചത്. കുടുംബശ്രീക്ക് നന്ദി പറയുന്നു. 43 ലക്ഷം വനിതകൾ അംഗങ്ങളായുള്ള സംഘടനയാണത്. ഒപ്പം 4 ലക്ഷം പേരുള്ള സ്വാശ്രയ സംഘങ്ങളും. അടുത്ത 24 മണിക്കൂറിനുള്ളിൽ പുതുതായി ആയിരത്തിലേറെ കമ്മ്യൂണിറ്റി കിച്ചണുകളും തുടങ്ങി. അത്തരത്തിൽ സർക്കാർ എല്ലാവർക്കും ഭക്ഷണം ഉറപ്പുവരുത്തിയെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
Discussion about this post