കൊച്ചി: കൊവിഡ് 19 വൈറസുമായി ബന്ധപ്പെട്ടുള്ള ഏപ്രില്‍ ഫൂള്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന പോലീസ് അറിയിപ്പ് നിലനില്‍ക്കുമ്പോഴും കൊവിഡുമായി ബന്ധപ്പെട്ട ഏപ്രില്‍ ഫൂള്‍ വ്യാജ സന്ദേശം വ്യാപകം. നടന് മോഹന്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന രീതിയിലുള്ള വ്യാജ സന്ദേശമാണ് വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചത്.
ഇതിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വിമല്‍കുമാര്‍ സൈബര്‍ സെല്ലിന് പരാതി നല്കി. തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നായിരുന്നു സന്ദേശം. ഒരു സിനിമയിലെ മരണ രംഗത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു പ്രചരണം. മാര്‍ച്ച് 31 രാത്രി മുതല്‍ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ സന്ദേശം പ്രചരിക്കുന്നുണ്ടായിരുന്നുവെന്നും വിമല്‍ കുമാര്‍ പറഞ്ഞു.
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളുടെ സ്ക്രീന്‍ ഷോട്ടും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ടെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തില്‍ വേണ്ട നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിമല്‍കുമാര്‍ പ്രതികരിച്ചു.
Discussion about this post