തിരുവനന്തപുരം: എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ ഭീഷണിപ്രസംഗം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ കേസ്. കണ്ണൂര്‍ എസ്പി ഓഫിസ് മാര്‍ച്ചിനിടെയാണ് പോലീസിനെയും നിയമവാഴ്ചയേയും വെല്ലുവിളിച്ചുളള ശോഭാ സുരേന്ദ്രന്റെ പ്രസംഗം.
‘ബൂട്ടിട്ട് ചവിട്ടുംപോലെയല്ല നിയുദ്ധ പഠിച്ചവരുടെ മുറയെന്നും നിങ്ങള്‍ക്ക് ലാത്തിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ദണ്ഡുണ്ടെന്ന’ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിലാണ് കേസ്.
അയ്യപ്പഭക്തരെ ഭേദ്യം ചെയ്തു കാട്ടുനീതി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് കര്‍പ്പൂരാഴിയില്‍ ചാടിയാലും അയ്യപ്പശാപത്തില്നിന്നും മോചനമുണ്ടാകില്ലെന്നു ശോഭാ സുരേന്ദ്രന് പറഞ്ഞു.
അയ്യപ്പന്റെ പൂങ്കാവനത്തില്‍ ബൂട്ടിട്ട പോലീസിനെ അയച്ചു സംഘര്‍ഷമുണ്ടാക്കിയ പിണറായിക്ക് അയ്യപ്പന്റെ ശാപം ഏറ്റുകഴിഞ്ഞു. അയ്യപ്പഭക്തരോടു കാണിച്ച ക്രൂരതയുടെ സര്‍ട്ടിഫിക്കറ്റ് ലോകം പിണറായിക്ക് നല്‍കും. അഭിനവ ഹിരണ്യ കശിപുവായ പിണറായിയെ ജനം തെരുവില്‍ കുറ്റവിചാരണ നടത്തുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
തന്റെ പ്രകടനം മുഖ്യമന്ത്രിയെ കാണിച്ച് താമ്രപത്രം വാങ്ങാനാണ് എസ്പി യതീഷ് ചന്ദ്ര ശബരിമലയില്‍ കാവല്‍ നിന്നത്. ബൂട്ടിട്ട യതീഷിന്റെ കാല് എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം. ലാത്തിയേക്കാള്‍ വലിയ ശക്തി ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ മുറപ്രയോഗം നടത്താന്‍ തീരുമാനിച്ചാല്‍ കാലു പൊന്തിക്കാനാവില്ലെന്നു യതീഷ് ചന്ദ്ര ഓര്‍ക്കണം. അതുകൊണ്ട് നീതിയും നിയമവും ലംഘിക്കാന്‍ പോലീസ് വരരുത്. ഭക്തരെ ബൂട്ടിട്ടു ചവിട്ടുന്ന പോലീസ് രാജ് തുടര്‍ന്നാല്‍ ശബരിമലയില്‍ പണം വരണോയെന്നു നാം ചിന്തിക്കും. ശബരിമലയില്‍ നടവരവ് കുറഞ്ഞിട്ടുണ്ടെങ്കില്‍ സമരത്തിലെ ബിജെപി നിലപാട് ശരിയാണെന്നാണ് അതിനര്‍ഥമെന്നും ശോഭ പറഞ്ഞു.
Discussion about this post