തൃശ്ശൂര്‍: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണിലാണ്. അതിനിടെ അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയെ പ്രശംസിച്ച് നടന്‍ സുരേഷ്ഗോപി രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയുടെ ഈ നടപടിയെ പ്രകീര്‍ത്തിച്ച് കൊണ്ട് മകന്‍ ഗോകുല്‍ സുരേഷും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
ലോക്ക് ഡൗണ്‍ വകവെക്കാതെ പുറത്തിറങ്ങുന്നവരെ തല്ലി നന്നാക്കണം എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇത് വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ഇടം പിടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പറയാനുള്ളതെല്ലാം അച്ഛന്‍ പരസ്യമായി തുറന്നു പറയുന്നതു കേള്‍ക്കുമ്പോള്‍ മനസു നിറയുന്നു എന്ന് ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിസന്ധികളുടെ ഈ സമയത്ത്, അച്ഛന്‍ ഇപ്പോള്‍ ചെയ്യുന്നതും ഇതുവരെ ചെയ്തിട്ടുള്ളതുമായ കാര്യങ്ങള്‍ പലരും മനഃപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോഴും, പറയാനുള്ളത് പരസ്യമായി തന്നെ അച്ഛന്‍ പറയുന്നത് കാണുമ്പോള്‍ മനസു നിറയുന്നു. ഇനിയും കൂടുതല്‍ കരുത്തുണ്ടാകട്ടെ അച്ഛാ!’-എന്ന് ഗോകുല്‍ കുറിച്ചു.
കുറിപ്പിനൊപ്പം സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിലെ ഒരു ഫോട്ടോയും ഗോകുല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. മുന്‍ എംപിയും നടനുമായ സുരേഷ് ഗോപിക്ക് എന്നും പിന്തുണയുമായി മകന്‍ ഗോകുല്‍ സുരേഷ് രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് കാലത്തും അച്ഛന്റെ പ്രചരണങ്ങളില്‍ പോലും ഗോകുല്‍ സാന്നിധ്യമറിയിച്ചിട്ടുള്ളത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.