വരന്തരപ്പിള്ളി: കേരള പോലീസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കാം ഇങ്ങനെ ഒരു ഗാർഡർ ഓഫ് ഓണർ നൽകി ഒരു യാത്ര അയപ്പ്. 30 വർഷക്കാലം സ്വന്തം വീടുകാക്കും പോലെ സ്റ്റേഷനും പരിസരവും അതിശുചിത്വത്തിൽ പരിചരിച്ച, മുപ്ലിയം പണ്ടാരത്തിൽ രാമന്റെ ഭാര്യ രാധയ്ക്കാണ്(70) പോലീസിന്റെ ആദരം.
ലോക്ക്ഡൗൺ ഡ്യൂട്ടിയും തിരക്കും കാരണം രാധയ്ക്കായി യാത്രയയപ്പ് സമ്മേളനമൊന്നും സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഒരു മടിയുമില്ലാതെ, വിരമിക്കുന്ന ദിവസമായ ഇന്നലെയും പതിവുപോലെ രാധ ജോലിക്കെത്തിയിരുന്നു. തന്റെ ഡ്യൂട്ടി കൃത്യമായി പരിപാലിച്ച് പോന്ന രാധയ്ക്ക് എസ്എച്ച്ഒ എസ് ജയകൃഷ്ണനും എസ്ഐ ചിത്തരഞ്ജനും ചേർന്ന് ഉപഹാരം നൽകി. പോലീസ് ജീപ്പിൽ ആദരപൂർവ്വം വീട്ടിലെത്തിച്ചു. ഇവരെ ഉചിതമായ രീതിയിൽ യാത്രയാക്കണമെന്നു ജില്ലാ പോലീസ് മേധാവിയുടെയും നിർദേശമുണ്ടായിരുന്നു. ഇതുകൂടി പാലിച്ചാണ് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി യാത്ര അയച്ചത്.
ജോലിയുടെ അവസാന മാസങ്ങളിൽ ബാക്കിയുള്ള അവധികൾ ഒന്നിച്ചെടുത്ത് തീർക്കാൻ അവസരമുണ്ടായിട്ടും കൊവിഡ് കാലത്തെ ശുചിത്വ പരിപാലനത്തിന്റെ പ്രാധാന്യം മനസിലാക്കി അവർ സ്വയം കർമ്മനിരതയായി മുടങ്ങാതെ ജോലിക്കെത്തുകയായിരുന്നു. 1960ൽ പത്താംക്ലാസ് പാസായ രാധ 1990ലാണ് സർവീസിൽ പ്രവേശിക്കുന്നത്.
Discussion about this post