തിരുവനന്തപുരം: ലോക് ഡൗണില്‍ ജനങ്ങള്‍ വീടുകളില്‍ കഴിയുമ്പോള്‍ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വരുന്നത് കുറഞ്ഞതാണ് വിലവര്‍ദ്ധനവിന് പ്രധാന കാരണം. ഇതോടെ ജോലിക്ക് പോകാന്‍ പോലും കഴിയാതെ വീടുകളില്‍ കഴിയുന്ന സാധാരണക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
മറ്റ് സാധനങ്ങളെ അപേക്ഷിച്ച് അരിക്കും ചെറുപയറിനും കടലക്കും വില കൂടിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് ജില്ലാ ഭരണകൂടം ഇരുപത്തിയെട്ടാം തീയതി നിശ്ചയിച്ച വിലയും ഇന്നലെ നിശ്ചയിച്ച വിലയും പരിശോധിച്ചാല്‍, 28-ആം തീയതി മട്ട അരിയുടെ പരമാവധി വില 40 ആയിരുന്നങ്കില്‍ ഇന്നലെ അത് 47 രൂപയായി. നാല് ദിവസം കൊണ്ട് ബിരിയാണി അരിക്ക് കൂടിയത് 19 രൂപ. പച്ചരിക്ക് 28 രൂപയില്‍ നിന്നും 38 രൂപയായി ഉയര്‍ന്നു.
109 രൂപയായിരുന്നു ചെറുപയറിന്റെ പരമാവധി വിലയെങ്കില്‍ ഇപ്പോള്‍ 125 ആയിട്ടുണ്ട്. കടലക്ക് 22 രൂപ കൂടി. മല്ലിക്ക് 20ഉം ഉലുവക്ക് 13ഉം തൂവരപ്പരിപ്പിന് 7ഉം ഉഴുന്ന് പരിപ്പിന് നാലു രൂപയും വര്‍ദ്ധിച്ചു. റവ, സവാള എന്നിവക്കും വില കൂടി.കൊറോണ ഭീതിയും ലോക്ക് ഡൗണും കാരണം പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടിലിരിക്കുന്ന ജനങ്ങള്‍ക്ക് വിലക്കയറ്റം തിരിച്ചടിയായിരിക്കുകയാണ്. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എത്ര ശ്രമിച്ചിട്ടും കേരളത്തില്‍ എല്ലായിടത്തും അവശ്യസാധനങ്ങള്‍ക്ക് അടിക്കടി വില കയറുകയാണ്.