തിരുവനന്തപുരം: കര്‍ണാടക അതിര്‍ത്തി അടച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തെ പ്രതിസന്ധിയിലാക്കിയ കര്‍ണാടകയുടെ ഈ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉടന്‍ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക അതിര്‍ത്തികള്‍ മണ്ണിട്ട് അടച്ചതോടെ ചരക്കുനീക്കം അടക്കമുള്ള കാര്യങ്ങളില്‍ കേരളം വലിയ പ്രതിസന്ധി നേരിടുകയാണ്. കര്‍ണാടക മംഗളൂരുവിലേക്കുള്ള വഴി മണ്ണിട്ട് അടച്ചത് മൂലം വിദഗ്ധചികിത്സ കിട്ടാതെ കാസര്‍കോട് ഇന്നലെ മാത്രം രണ്ട് പേരാണ് മരിച്ചത്. മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബി, മഞ്ചേശ്വരം സ്വദേശി ശേഖര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
അതേസമയം കര്‍ണാടക മാക്കൂട്ടം ചുരം റോഡ് അടച്ച നടപടി കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ നിയമത്തിന്റെ ലംഘനമാണെന്ന് കണ്ണൂര്‍ കളക്ടര്‍ ടിവി സുഭാഷ്. ഇത് ചൂണ്ടിക്കാട്ടി കളക്ടര്‍ ഹോം സെക്രട്ടറിക്ക് കത്ത് അയച്ചിരിക്കുകയാണ്. ചരക്ക് ഗതാഗതം തടയാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കര്‍ണാടക അട്ടിമറിച്ചുവെന്നും അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നെന്നും ബദല്‍ പാതകള്‍ പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയിരിക്കുന്നത് എന്നാണ് കളക്ടര്‍ വ്യക്തമാക്കിയത്.