48 മണിക്കൂറില്‍ 200 ഗൗണും 200 ഷര്‍ട്ടും 200 പാന്റും; മാസ്‌കിനു പിന്നാലെ വീണ്ടും മെഡിക്കല്‍ കോളേജിന് സഹായവുമായി തൃശ്ശൂരിലെ ഡിവൈഎഫ്‌ഐ യുവജനത

തൃശ്ശൂര്‍; കൊറോണ കാലത്ത് മാതൃകാപ്രവര്‍ത്തനങ്ങളുമായി ജനങ്ങളുടെ കൈയ്യടി നേടുകയാണ് ഡിവൈഎഫ്‌ഐ. കോവിഡ് 19 കേരളത്തില്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ മാസ്‌കുകള്‍ക്ക് ക്ഷാമം വന്നപ്പോള്‍ ഡിവൈഎഫ്‌ഐ മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാസ്‌കുകള്‍ ആവശ്യമുണ്ടെന്നറിഞ്ഞ ഡിവൈഎഫ്‌ഐ 24 മണിക്കൂറിനുള്ളില്‍ മൂവായിരം മാസ്‌കുകളാണ് നിര്‍മ്മിച്ച് നല്‍കിയത്. ഇത് സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറി.

ഇപ്പോള്‍ തൃശ്ശൂരിലെ ഡിവൈഎഫ്‌ഐ യുവാക്കള്‍ വീണ്ടും മാതൃകയാവുകയാണ്. 48 മണിക്കൂറിനുള്ളില്‍ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് ഇരുന്നൂറ് ഗൗണും ഇരുന്നൂറ് ഷര്‍ട്ടും ഇരുന്നൂറ് പാന്റും ഡിവൈഎഫ്‌ഐ നല്‍കിയിരിക്കുകയാണ്. മന്ത്രി എസി മൊയ്തീന്റെ സഹയാത്തോടെ തൃശ്ശൂര്‍ ഓഫീസേഴ്‌സ് ക്ലബ്ബ് നല്‍കിയ തുണി ഉപയോഗിച്ചാണ് രണ്ട് ദിവസം കൊണ്ട് ഡോക്റ്റര്‍മാര്‍ക്കുള്ള ഇരുനൂറ് ജോഡി സര്‍ജിക്കല്‍ ഡ്രസ്സ് നിര്‍മ്മിച്ച് നല്‍കിയത്.

ഒരുഭാഗത്ത് നിന്നും ആരോഗ്യപ്രവര്‍ത്തകരെ കൈയ്യടിച്ച് അഭിനന്ദിക്കുമ്പോള്‍ മറുഭാഗത്ത് ഡിവൈഎഫ്‌ഐയുടെ യുവാക്കള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായങ്ങള്‍ അതാത് സമയം നല്‍കിയാണ് മാതൃകയാവുന്നത്. ആരോഗ്യമേഖലയ്ക്ക് വേണ്ട കൈത്താങ്ങാവുകയാണ് ഇവര്‍ ചെയ്യുന്നത്. മാത്രമല്ല, സംസ്ഥാനത്താകെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായവുമായി ഡിവൈഎഫ്‌ഐ മുന്നിലുണ്ട്.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പിബി അനൂപ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എംഎ ആന്‍ഡ്രൂസിന് ഗൗണും ഷര്‍ട്ടും പാന്റും കൈമാറി. ജില്ലാ വൈ.പ്രസിഡണ്ട് കെഎസ് സെന്തില്‍കുമാര്‍, ജില്ലാ കമ്മിറ്റി അംഗം വിസി സജീന്ദ്രന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ബിജു കൃഷ്ണന്‍, ഡെപ്യൂട്ടി സൂപ്രണ്ട് കാഷ്വാലിറ്റി ഡോ. ടിവി സന്തോഷ്, ഡെപ്യൂട്ടി സൂപ്രണ്ട് ജനറല്‍ ഡോ.നിഷ എംദാസ്, കെ.ജിഒഎ ഏരിയ ജോ. സെക്രട്ടറി ഡോ.രണ്‍ദീപ് എന്നിവര്‍ പങ്കെടുത്തു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പിബി അനൂപ് ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഡോ:സില്‍വിന്‍ സര്‍ വിളിച്ചാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് രോഗികള്‍ക്ക് ആവശ്യമായ സര്‍ജിക്കല്‍ ഗൗണും സര്‍ജിക്കല്‍ യൂണിഫോമും തയ്ച്ചുനല്‍കാന്‍ DYFI സഹായിക്കാമോ എന്നാരാഞ്ഞത് ?? ആദ്യ കടമ്പ തുണിയായിരുന്നു.. തുണികടകള്‍ പൂട്ടിയത് കൊണ്ട് വലിയ പ്രയാസമായിരുന്നു .. തൃശ്ശൂര്‍ ജില്ലാ ഓഫീസ് ക്ലബ് എറണാകുളം വരെ നീണ്ട അന്വേക്ഷണത്തിനൊടുവില്‍ ആദ്യഘട്ടം കുറച്ചു മെറ്റീരിയലും പിന്നീട് ബഹുമാനപ്പെട്ട മന്ത്രി സഖാവ് എ സി മൊയ്തീന്റെ സഹായത്തോടെ ആവശ്യാനുസരണം തുണിയും കൈമാറി .. ജില്ലയിലെ DYFI മേഖലാകമ്മറ്റികളുടെ സഹായത്തോടെ രണ്ടു ദിവസമായി തുന്നിയ 200ഗൗണുകളും 200 ജോഡി യൂണിഫോമുകളും ആദ്യഘട്ടം കൈമാറി .. തുടര്‍ന്നും ആവശ്യാനുസരണമുള്ള ഗൗണുകളും യൂണിഫോമുകളും DYFI എത്തിച്ച് നല്‍കും .. സഹായിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി …

Exit mobile version