അതിഥി തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കും, എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തും; തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിഥി തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ കാര്‍ഡ് വഴി തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കം ലഭ്യമാക്കുമെന്നും കൂടാതെ ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തില്‍ കഴിയുന്ന അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരാറുകാരുടെ കീഴിലല്ലാതെ ഒറ്റപ്പെട്ട് താമസിക്കുന്ന തൊഴിലാളികള്‍ക്കും എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അവര്‍ക്ക് മാന്യമായ ഭക്ഷണം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതില്‍ വീഴ്ചയുണ്ടാകരുത്. സാധാരണ തൊഴില്‍ വകുപ്പാണ് തൊഴിലാളികളുടെ കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും സെക്രട്ടറിമാരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Exit mobile version