കോഴിക്കോട്: പതിവ് യാത്രയയപ്പ് ചടങ്ങുകൾ പോലെ ഔദ്യോഗിക പ്രസംഗങ്ങളോ പൊന്നാട അണിയിക്കലോ മധുരം പങ്കുവെയ്ക്കലോ ഒന്നുമില്ലാതെ വ്യത്യസ്തമായി കോഴിക്കോട് ഡിസിപി എകെ ജമാലുദ്ദീൻ ഐപിഎസിന് ഒരു യാത്രയയപ്പ്. ഇന്ന് രാവിലെ വയർലസിലൂടെ ഒരു യാത്രയപ്പ് സന്ദേശം കേട്ടാണ് കോഴിക്കോട് സിറ്റി പോലീസ് സ്‌റ്റേഷന് കീഴിലെ പോലീസുകാർ ലോക്ഡൗൺ ദിവസത്തെ ഡ്യൂട്ടിക്ക് ഇറങ്ങിയത്. പതിവ് സാട്ട പ്രോഗ്രാം(വയർലസിലൂടെ നിർദേശം കൊടുക്കുന്ന രീതി) ഇന്ന് ഡിസിപിയുടെ യാത്രയയപ്പിനായി മാറ്റിവെയ്ക്കുകയായിരുന്നു. കോഴിക്കോട് ഡിസിപി എകെ ജമാലുദ്ദീൻ ഐപിഎസിന്റെ അവസാന സർവീസ് ദിനമായിരുന്നു ഇന്ന്.
ഗംഭീര പാർട്ടിയോടെ യാത്രയയപ്പ് ലഭിക്കേണ്ടിയിരുന്ന ജമാലുദ്ദീന് പക്ഷെ, ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ അത് വയർലസിലൂടെ ഒതുക്കേണ്ടി വരികയായിരുന്നു. രാവിലെ എട്ടു മണിക്ക് സാട്ട തുടങ്ങുന്ന സമയത്താണ് കമ്മീഷണർ എവി ജോർജ്ജ് വയർലസിലൂടെ യാത്രയയപ്പ് സന്ദേശം നൽകിയത്.
ഡിസിപിയുടെ ഒരു വർഷവും ഒരുമാസവുമുള്ള കോഴിക്കോട് സിറ്റിയിലെ പ്രവർത്തനത്തെ പറ്റി കമ്മീഷണർ വയർലസിലൂടെ സംസാരിച്ചു. തുടർന്ന് സ്റ്റേഷൻ എസ്എച്ച്ഒമാരും ഇക്കാര്യം ആവർത്തിക്കുകയും മറ്റുള്ള പോലീസുകാരിലേക്ക് എത്തിക്കുകയും ചെയ്തു.
സാധാരണ കേസ് ഡീറ്റൈയിൽസും അന്നേ ദിവസം ചെയ്യേണ്ട കാര്യങ്ങളുമാണ് വയർലസിലൂടെ കമ്മീഷണർ വിശദീകരിച്ച് കൊടുക്കാറുള്ളത്. എന്നാൽ യാത്രയയപ്പ് നടത്താനുള്ള സാഹചര്യമില്ലാത്തതിനാൽ അത് വയർലസിലൂടെ നടത്തുകയായിരുന്നു. എറണാകുളം വാഴക്കാല സ്വദേശിയാണ് ഡിസിപി ജമാലുദ്ദീൻ.
Discussion about this post