തിരുവനന്തപുരം: ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍ കുട്ടി പുതിയ ജലവിഭവ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവനാമത്തിലായിരുന്നു കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ.
വൈകീട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം സത്യവാചകം ചൊല്ലി അധികാരമേറ്റത്. ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫിലെ കക്ഷിനേതാക്കളും അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.
ജനതാദള്‍ (എസ്) ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മാത്യു ടി തോമസ് രാജിവെച്ച ഒഴിവിലാണ് കൃഷ്ണന്‍ കുട്ടി മന്ത്രിയായത്. 1980,82,91 കാലയളവുകളില്‍ മൂന്ന് വട്ടം ചിറ്റൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ കൃഷ്ണന്‍ കുട്ടി നാലാംവട്ടം നിയമസഭയിലെത്തിയതോടെയാണ് മന്ത്രിസ്ഥാനം തേടിയെത്തിയത്.
1944 ആഗസ്റ്റ് 13ന് ചിറ്റൂര്‍ വിളയോടിയിലെ എഴുത്താണി വീട്ടില്‍ കുഞ്ഞു കുട്ടിയുടെയും ജാനകിയും ജാനകിയുടെയും മകനായി ജനനം. ഇരുപതാം വയസ്സില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. കെപിസിസി അംഗമായും പെരുമാട്ടി സഹകരണ ബാങ്ക് പ്രസിഡണ്ടായും പാലക്കാട് ജില്ലാ സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായും അഗ്രികള്‍ച്ചറല്‍ പ്രോസസിങ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സൊസൈറ്റി അംഗമായും പ്രവര്‍ത്തിച്ചു. ഭാര്യ വിലാസിനിയും മക്കളായ ലത, നാരായണന്‍കുട്ടി, അജയന്‍, ബിജു എന്നിവരുമടങ്ങുന്നതാണ് കുടുംബം.
Discussion about this post