തിരുവനന്തപുരം: കേരളത്തിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധിച്ചുള്ള മരണം പോത്തൻകോട് പഞ്ചായത്തിൽ സംഭവിച്ചതോടെ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ക്വാറന്റൈൻ ഏർപ്പെടുത്തി സർക്കാർ. പോത്തൻകോടിലേയും രണ്ട് കിലോമീറ്റർ പരിധിയിലെ മറ്റ് പ്രദേശങ്ങളിലെയും മുഴുവൻ ആളുകളും പരിപൂർണ്ണമായും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നിർദേശിച്ചത്.
കൊറോണ ബാധിതനായി പോത്തൻകോട് സ്വദേശി മരിച്ച സാഹചര്യത്തിൽ വിളിച്ചു ചേർത്ത പഞ്ചായത്ത് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മരിച്ച അബ്ദുൾ അസീസുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോയിക്കഴിഞ്ഞൂവെന്നും ഇനി ആരെങ്കിലും ഉണ്ടെങ്കിൽ 1077 എന്ന ഹെൽപ് ലൈനിൽ വിളിച്ചറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു
‘കാൾസെന്ററിൽ 24 മണിക്കൂറും ഡോക്ടർമാർ കർമ്മനിരതരായി പ്രവർത്തിക്കുകയാണ്. വ്യാപനം നടന്ന മറ്റുരാജ്യങ്ങളിൽ നിന്നു വന്നവർ പരിസരപ്രദേശങ്ങളിൽ എത്തിയിട്ടുണ്ടെങ്കിൽ സ്വമേധയാ 1077 എന്ന കാൾസെന്റർ നമ്പറിൽ വിളിച്ച് പരിശോധനയ്ക്ക് വിധേയരാണെന്ന് സ്വമേധയാ അറിയിക്കണം. പോത്തൻകോട് സ്വദേശിയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അതും അറിയിക്കണം’, കടകംപള്ളി പറഞ്ഞു, പോത്തൻകോട്പ്രദേശമാകെ വരുന്ന രണ്ടുമൂന്നാഴ്ചക്കാലം പൂർണ്ണമായും ക്വാറന്റൈനിലേക്ക് പോവണമെന്നും, ജനം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും കടകംപള്ളി സുരേന്ദ്രൻ നിർദേശിച്ചു.
പോത്തൻകോടുമായി ബന്ധപ്പെടുന്ന അണ്ടൂർകോണം പഞ്ചായത്തിലെ പ്രദേശങ്ങൾ, കാട്ടായിക്കോണം കോർപ്പറേഷൻ ഡിവിഷന്റെ അരിയോട്ടുകോണം, മേലെമുക്ക് തുടങ്ങി പോത്തൻകോടിന്റെ രണ്ട് കിലോമീറ്റർ പരിധിയിൽ വരുന്ന പ്രദേശങ്ങളെല്ലാം ക്വാറന്റൈനിൽ പോവണം. പ്രദേശത്തെ എല്ലാവരുടെയും പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിക്കാൻ പറഞ്ഞിട്ടുണ്ടെന്നും സമൂഹ വ്യാപനത്തിന്റെ ആശങ്കയില്ലെന്നും കടകംപള്ളി അറിയിച്ചു.
മരിച്ച അബ്ദുൾ അസീസിന്റെ റൂട്ട് മാപ്പ് പൂർണമാക്കാൻ ഇതുവരെ അധികൃതർക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല ഇദ്ദേഹം നിരവധി ചടങ്ങുകളിൽ പങ്കെടുത്തതും ആശങ്കയുയർത്തുന്നുണ്ട്.
Discussion about this post