തിരുവനന്തപുരം: കൊറോണ ബാധിച്ച് രണ്ടാമത്തെ മരണവും കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പും കടുത്ത ആശങ്കയിൽ. മരിച്ച റിട്ട. എഎസ്‌ഐ അബ്ദുൾ അസീസിന് കൊറോണ വൈറസ് ബാധയുണ്ടായത് എങ്ങനെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ അബ്ദുൾ അസീസിന്റെ റൂട്ട് മാപ്പ് തയ്യാറാക്കാൻ ശ്രമിച്ചിരുന്നെങ്കിലും അത് പൂർണ്ണമാക്കാൻ ഇതുവരെ അധികൃതർക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല ഇദ്ദേഹം നിരവധി ചടങ്ങുകളിൽ പങ്കെടുത്തതും ആശങ്കയുയർത്തുന്നു.
അബ്ദുൾ അസീസ് വിദേശത്ത് പോകുകയോ വിദേശത്ത് പോയവരുമായി ബന്ധപ്പെടുകയോ ചെയ്യാതിരുന്നില്ല. അതുകൊണ്ടുതന്നെ, അബ്ദുൾ അസീസിന് രോഗബാധ എങ്ങനെ ഉണ്ടായെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
മാർച്ച് 18നാണ് അബ്ദുൾ അസീസ് ജലദോഷം ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് വേങ്ങോട് പ്രഥമിക ആരോഗ്യകേന്ദ്രത്തിൽ പോയത്. 21ന് ഉച്ചയ്ക്ക് വീണ്ടും ഇതേ ആശുപത്രിയിൽ പോകുകയും രക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ രോഗം കണ്ടെത്തിയില്ല. 23 ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ ഇവിടെ നിന്ന് നേരെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
14ാം തീയതി അബ്ദുൾ അസീസ് അയിരുപ്പാറ ഫാർമേഴ്‌സ് ബാങ്കിൽ നൂറോളം പേരോടൊപ്പം ചിട്ടി ലേലത്തിൽ പങ്കെടുത്തിരുന്നു. രണ്ട് വെള്ളിയാഴ്ചകളിൽ ഉച്ച നമസ്‌കാരത്തിലും പങ്കെടുത്തിരുന്നു. പ്രഥമിക ആരോഗ്യകേന്ദ്രത്തിലെയും ഫാർമേഴ്‌സ് ബാങ്കിലെയും ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റിക്കഴിഞ്ഞു.
അതേസമയം, അബ്ദുൾ അസീസിന്റെ ഭാര്യ കുടുംബശ്രീയോഗത്തിൽ പങ്കെടുത്തിരുന്നതായും വിവരമുണ്ട്. മകൾ കെഎസ്ആർടിസി ബസ് കണ്ടക്ടറാണെന്നും സർവ്വീസ് നിർത്തിവയ്ക്കുന്നതുവരെ ജോലിക്ക് പോയിരുന്നതായും പോത്തൻകോട് പഞ്ചായത്ത് അംഗം ബാലമുരളി വെളിപ്പെടുത്തിയിരിക്കുകയാണ്.