തൃശ്ശൂർ: മലയാളത്തിന്റെ മഹാനടന്മാർ ആയ മമ്മൂട്ടിയും മോഹൻലാലും തല നാരിഴക്ക് രക്ഷപെട്ടിരിക്കുകയാണ്. കടുത്ത ശിക്ഷക്ക് വിധേയരാക്കേണ്ട ഇവരെ വെറുതെ വിടാനുള്ള മഹാ മനസ്കത കാണിച്ചതാകട്ടെ ടിജി മോഹൻദാസും. എന്തായാലും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ആശ്വാസത്തിലായിരിക്കും മമ്മൂട്ടിയും മോഹൻലാലും എന്നാണ് സോഷ്യൽ മീഡിയയിൽ ട്രോളന്മാർ പറയുന്നത്.
ഇരുവരേയും വിമർശിച്ച് കുടയാൻ കാത്തിരിക്കുകയായിരുന്നത്രെ ആർഎസ്എസിന്റെ കേരളത്തിലെ സൈദ്ധാന്തികൻ ടിജി മോഹൻദാസ് .
തത്കാലം ഇരുതാരങ്ങൾക്കും റീച്ച് കൂടേണ്ട എന്ന് കരുതി വിമർശിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് എന്നും അദ്ദേഹം തന്നെ പറയുന്നു.
വിമർശിച്ചാൽ മോഹൻലാലിനും മമ്മുട്ടിക്കും റീച്ച് കൂടിയാലോ. അതാണ് അക്ഷന്തധവ്യമായ അപരാധം ചെയ്തിട്ടുപോലും ഇവരെ വെറുതെ വിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
അല്ലെങ്കിൽ താൻ മമ്മൂട്ടിയേയും മോഹൻലാലിനേയും എടുത്ത് കുടഞ്ഞേനെയെന്ന് അതിഭവ്യതയോടെ മോഹൻദാസ് ട്വീറ്റ് ചെയ്തപ്പോൾ, ഈ സന്മനസ് ആരും കാണാതെ പോകരുതേ എന്നാണ് സോഷ്യൽമീഡിയയിലെ പരിഹാസം കലർന്ന വിമർശനം.
ആർഎസ്എസിന്റെ വിമർശനം കാരണം പ്രശസ്തരായവരുടെ കൂട്ടത്തിൽ തങ്ങളുടെ മമ്മൂക്കയ്ക്കും ലാലേട്ടനും സ്ഥാനമില്ലല്ലോ എന്നാണ് ഇപ്പോൾ ആരാധകരുടെ വിഷമം. ഏതെങ്കിലും വിധേനെ നാലാൾ അറിയുന്ന വ്യക്തികളാകാൻ കാത്തിരുന്ന ഇരു താരങ്ങൾക്കും കനത്ത തിരിച്ചടി കൂടിയായി ടിജി മോഹൻദാസിന്റെ നിലപാട് മാറ്റമെന്നാണ് സൈബർ ലോകം വിലയിരുത്തുന്നത്.
കേരളത്തിലെ മദ്യലഭ്യത സർക്കാർ വിലക്കിയതാണോ ടിജി യുടെ ഈ തീരുമാനത്തിന് പിന്നിലെന്ന് സംശയിക്കുന്നവരും സൈബർ ഇടത്തിൽ ഉണ്ട്. സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവർക്ക് അത് കിട്ടാതാകുമ്പോൾ കൈവിറയൽ മുതൽ മാനസിക വിഭ്രാന്തി വരെ സംഭവിച്ചേക്കാമെന്ന് ഈ പോസ്റ്റ് ഒരു ഉദാഹരണമായി ചൂണ്ടിക്കാണിച്ച് ട്രോളന്മാർ അഭിപ്രായപ്പെടുന്നുണ്ട്. എക്സൈസ് വകുപ്പ് വേണ്ട നടപടികൾ അതിവേഗത്തിൽ കൈക്കൊള്ളണമെന്നാണ് ഇതുപോലുള്ള സോഷ്യൽമീഡിയ പോസ്റ്റുകൾ ഭാവിയിൽ സംഭവിക്കാതിരിക്കാൻ വേണ്ടി ചെയ്യേണ്ടതെന്നും ഇവർ പറയുന്നു.
അതേസമയം, ടിജി മോഹൻദാസിന്റെ താൻ വിമർശിച്ച് ആരുടേയും റീച്ച് കൂട്ടുന്നില്ലെന്ന റീച്ച് കൂട്ടാനുള്ള പോസ്റ്റ് ശരിക്കും ഒരു ലോക്ക്ഡൗൺ കാലത്തെ ആഘോഷമായാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ മോഹൻലാലിനും മമ്മൂട്ടിയ്ക്കും റീച്ച് അൽപ്പം കുറഞ്ഞാലും ടിജി മോഹൻദാസിന്റെ കാര്യം കൊണ്ട് ട്രോളർമാരുടെ കാര്യം കുശാൽ ആയിരിക്കുകയാണ്.
Discussion about this post