തിരുവനന്തപുരം: സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. സൗജന്യ റേഷന്‍ വിതരണത്തിനും മറ്റ് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലേക്കുമായി കോടിക്കണക്കിന് രൂപയാണ് അധികമായി കണ്ടെത്തേണ്ടത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരോട് ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.
മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേര്‍ത്ത സര്‍വീസ് സംഘടനാ നേതാക്കന്മാരുടെ യോഗത്തിലാണ് പുതിയ നിര്‍ദേശം മുന്നോട്ടു വെച്ചത്. നിലവില്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു സഹായം അഭ്യര്‍ഥിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോട് പൊതുവേ സര്‍വീസ് സംഘടനകള്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്.
കമ്മിറ്റികളില്‍ കൂടിയാലോചിച്ച ശേഷം തീരുമാനം എത്രയും പെട്ടെന്ന് മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് സര്‍വീസ് സംഘടനകള്‍ അറിയിച്ചു. അതേസമയം, ഇത് നിര്‍ബന്ധിത പിരിവിലേക്ക് മാറരുത് എന്ന് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു. താഴെ തട്ടിലുള്ള ജീവനക്കാരെ ഇതില്‍ നിന്ന് ഒഴിവാക്കണമെന്നും പ്രതിപക്ഷ എന്‍ജിഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Discussion about this post