തിരുവനന്തപുരം: മദ്യാസക്തിയുള്ളയാള്‍ക്ക് വൈകിട്ട് നിലക്കടലയും കൂട്ടി മദ്യം കഴിക്കാമെന്ന ഡോക്ടറുടെ കുറിപ്പടി വൈറലായി. ഇതോടെ കുറിപ്പടി എഴുതിയ ഡോക്ടര്‍ക്കെതിരെ കേസെടുക്കണമെന്ന് എക്സൈസ് പോലീസിനോട് നിര്‍ദേശിച്ചു. കൊച്ചി പറവൂരിലെ ആയൂര്‍വ്വേദ ഡോക്ടറായ രഞ്ജിത്തിനെതിരെയാണ് കേസ് എടുക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
48കാരനായ പുരുഷോത്തമന് എന്നയാള്‍ക്ക് മദ്യം നല്‍കാനായിരുന്നു കുറിപ്പടി. ആല്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണത്തിന് വൈകിട്ട് നിലക്കടലയും കൂട്ടി മദ്യം കഴിക്കാമെന്നായിരുന്നു ഡോക്ടര്‍ കുറിച്ചത്. ഈ കുറിപ്പടി ഡോക്ടര്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തതോടെ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.
സംഭവം ചര്‍ച്ചയായതോടെ എക്സൈസ് അന്വേഷണം ആരംഭിച്ചു. കേസെടുക്കണമെന്ന് എക്സൈസ് പോലീസിനോട് നിര്‍ദേശിച്ചു. അതേസമയം, താന്‍ തമാശയ്ക്കാണ് മദ്യത്തിന് ഇത്തരത്തിലൊരു കുറിപ്പടിയെഴുതി നല്‍കിയതെന്ന് രഞ്ജിത്ത് ചോദ്യംചെയ്യലിനിടെ പറഞ്ഞു.
അങ്ങനെ ഒരു രോഗി വരുകയൊ കുറിപ്പടി നല്‍കുകയോ ചെയ്തിട്ടില്ലെന്നും കുറിപ്പടി എഴുതി തമാശയ്ക്ക് സുഹൃത്തുക്കള്‍ക്ക് വാട്സാപ്പില്‍ ഷെയര്‍ ചെയ്യുകയുമായിരുന്നെന്ന് ഡോക്ടര്‍ പറയുന്നു. ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഡോക്ടര്‍ രഞ്ജിത്ത് കുറിപ്പടിയെഴുതിയത്.