തിരുവനന്തപുരം: പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കാനുള്ള പ്രാഥമിക ഉത്തരവാദിത്വം അതാതു വ്യക്തികള്‍ ഉള്‍പ്പെടുന്ന മതങ്ങള്‍ക്കാണെന്ന് അധ്യാപകന്‍ പ്രസാദ് പോള്‍. ഏതു മതവിശ്വാസികളായാലും, അവരെത്ര ആയിരങ്ങള്‍ ആണെന്നിരിക്കിലും അവര്‍ക്കൊക്കെ ഒരുകൊല്ലത്തിനുമേല്‍ അന്നദാനം നടത്തിയാല്‍പ്പോലും യാതൊരു കുറവും സംഭവിക്കാത്തവിധം അത്രമേല്‍ ധനം എല്ലാ മതങ്ങള്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ന് കേരളത്തിലെ എല്ലാമതക്കാരുടെയും ദേവാലയങ്ങളുമായി ബന്ധപ്പെട്ട് അനേകലക്ഷംകോടികളുടെ സമ്പാദ്യം, സ്വത്ത് കുമിഞ്ഞുകൂടിക്കിടപ്പുണ്ട്. അവയെല്ലാം തന്നെ നാമോരോരുത്തരും, നമ്മുടെ മുന്‍തലമുറകളിലുള്ളവരും നല്‍കിയവയോ, നമ്മില്‍നിന്ന് കബളിപ്പിച്ചു വാങ്ങിയവയോ തന്നെയാണെന്ന് പ്രസാദ് പോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നമ്മുടെ അത്യാവശ്യ ഘട്ടത്തില്‍ നമുക്കായി പ്രയോജനപ്പെടുത്താനാകുന്നില്ലെങ്കില്‍ പിന്നെ അതാര്‍ക്ക് വേണ്ടിയാണ് സൂക്ഷിച്ചിട്ടുള്ളത്? എന്ന് അദ്ദേഹം ചോദിക്കുന്നു. നാളെയും വിശ്വാസികള്‍ ജീവിച്ചിരുന്നാലേ ദേവാലയങ്ങളില്‍ വരാനും, ഭണ്ടാരങ്ങള്‍ നിറയ്ക്കാനും കഴിയൂ എന്നതുകൊണ്ട്, ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഭണ്ഡാരങ്ങള്‍, നിലവറകള്‍ ഒക്കെ തുറന്ന് നിങ്ങളുടെ ഭക്തരെ പട്ടിണിമരണത്തില്‍ നിന്ന് രക്ഷിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും പ്രസാദ് പോള്‍ പറഞ്ഞു.
പ്രസാദ് പോളിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആരാണ് ആദ്യം സഹായം എത്തിക്കേണ്ടത്?
ദൈവമോ, അതോ സര്‍ക്കാരോ?
കൊറോണ ബാധ പോലുള്ള പ്രശ്‌നങ്ങളില്‍നിന്ന് നമ്മെ വിടുവിക്കാനായി ആദ്യം നാം പ്രാര്‍ത്ഥിക്കുന്നത് നമ്മുടെ ദൈവത്തോടാണ്.
ദൈവം കയ്യൊഴിഞ്ഞാലേ മനുഷ്യരെ സമീപിക്കേണ്ട ആവശ്യമുള്ളൂ.
അതുകൊണ്ട് നാം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എന്ത് ആശ്വാസ, സഹായങ്ങളാണ് പ്രഖ്യാപിക്കുന്നതെന്ന് നോക്കുന്നതിനു മുന്നേ അവരവര്‍ പിന്‍പറ്റുന്ന മതങ്ങള്‍ എന്താണ് നല്‍കുകയെന്ന് അന്വേഷിക്കുന്നതാണ് നല്ലത്.
ഇന്ന് കേരളത്തിലെ എല്ലാമതക്കാരുടെയും ദേവാലയങ്ങളുമായി ബന്ധപ്പെട്ട് അനേകലക്ഷംകോടികളുടെ സമ്പാദ്യം/ സ്വത്ത് കുമിഞ്ഞുകൂടിക്കിടപ്പുണ്ട്. അവയെല്ലാം തന്നെ നാമോരോരുത്തരും, നമ്മുടെ മുന്‍തലമുറകളിലുള്ളവരും നല്‍കിയവയോ, നമ്മില്‍നിന്ന് കബളിപ്പിച്ചു വാങ്ങിയവയോ തന്നെയാണ്.
അല്ലാതെ ഒരു മതങ്ങള്‍ക്കും ദൈവങ്ങള്‍ ‘മുകളില്‍നിന്ന്’ ഇട്ടുകൊടുത്തവയല്ല.
മിക്ക പുരോഹിതര്‍, മഹാപുരോഹിതര്‍ എന്നിവരുടെയെല്ലാം കയ്യില്‍ അത്യാഢംബര കാറുകള്‍ തുടങ്ങിയ സ്വത്തുക്കളുണ്ട് അവയെല്ലാം തന്നെ നമ്മുടെയൊക്കെ ദൈവത്തോടുള്ള സ്‌നേഹബഹുമാനങ്ങളെ ചൂഷണം ചെയ്തുണ്ടാക്കിയവ തന്നെയാണ്.
അതാതു മതാനുയായികളിലെ, ഒരുദിവസം ജോലിക്ക് പോയാല്‍ അന്നംമുട്ടുന്നവര്‍ക്ക് അന്നം കൊടുക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം അതാതു മതങ്ങള്‍ക്കാണ്. അതുകഴിഞ്ഞു മാത്രമേ വിവിധ സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വമുള്ളൂ.
ഏതു മതവിശ്വാസികളായാലും, അവരെത്ര ആയിരങ്ങള്‍ ആണെന്നിരിക്കിലും അവര്‍ക്കൊക്കെ ഒരുകൊല്ലത്തിനുമേല്‍ അന്നദാനം നടത്തിയാല്‍പ്പോലും യാതൊരു കുറവും സംഭവിക്കാത്തവിധം അത്രമേല്‍ ധനം എല്ലാ മതങ്ങള്‍ക്കുമുണ്ട്. ആ പണം നമ്മുടെ ഓരോരുത്തരുടെയും പിതാമഹന്മാര്‍ മുതല്‍ നാം വരെയുള്ളവര്‍ കൊടുത്തിട്ടുള്ളത് ദൈവത്തിന്റെ ഒരു ‘ഇന്‍ഷുറന്‍സ് പ്രീമിയം’ ആയിട്ടാണ്
തലമുറതലമുറകളായി കൊടുത്തിട്ടുള്ള ആ ദൈവത്തിന്റെ’ഇന്‍ഷുറന്‍സ് പ്രീമിയം’; നമ്മുടെ അത്യാവശ്യ ഘട്ടത്തില്‍ നമുക്കായി പ്രയോജനപ്പെടുത്താനാകുന്നില്ലെങ്കില്‍ പിന്നെ അതാര്‍ക്ക് വേണ്ടിയാണ് സൂക്ഷിച്ചിട്ടുള്ളത്?
അതുകൊണ്ട് നാളെയും വിശ്വാസികള്‍ ജീവിച്ചിരുന്നാലേ ദേവാലയങ്ങളില്‍ വരാനും, ഭണ്ടാരങ്ങള്‍ നിറയ്ക്കാനും കഴിയൂ എന്നതുകൊണ്ട്, ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഭണ്ഡാരങ്ങള്‍, നിലവറകള്‍ ഒക്കെ തുറന്ന് നിങ്ങളുടെ ഭക്തരെ പട്ടിണിമരണത്തില്‍ നിന്ന് രക്ഷിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
അങ്ങിനൊയൊക്കെയല്ലേ അവരുടെ ദൈവം കരുണാമയനും, അലിവുള്ളവനും തങ്ങളെ ആശ്രയിക്കുന്നവരെ താങ്ങുന്നവനുമാണെന്നുള്ള വിശ്വാസം അവരില്‍ ഉറയ്ക്കുകയുള്ളൂ?
ഇനി നിങ്ങളത് ചെയ്യാതിരുന്നാല്‍ നാളെ അവര്‍ പട്ടിണിയില്‍ നിന്ന് സര്‍ക്കാര്‍ കൊടുക്കുന്ന ദാനംകൊണ്ട് രക്ഷപ്പെട്ടാല്‍ നിങ്ങളുടെ ഭണ്ഡാരങ്ങള്‍ നിറയ്ക്കാനായി എത്തണമെന്ന് പ്രതീക്ഷിക്കുന്നത് ധാര്‍മ്മികമായി ശരിയാണോ?
മനുഷ്യര്‍ ആദ്യം അപേക്ഷിക്കുന്നത് അവരുടെ ദൈവങ്ങളോടാണ്, ദൈവങ്ങളില്‍ ആശ്രയം വച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ശേഷമേ അവരെ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടുമൊക്ക അപേക്ഷിക്കാന്‍ അനുവദിക്കാവൂ.
അതുകൊണ്ട് അവരെ അതിനനുവദിക്കരുത്, തുറക്കണം നിങ്ങളുടെ ഭണ്ഡാരങ്ങള്‍, ഉപേക്ഷിക്കണം നിങ്ങളുടെ ആര്‍ഭാടങ്ങള്‍ ദൈവത്തിന്റെ പണം നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത് ദൈവത്തിന്റെ വിശ്വാസികളുടെ ആവശ്യത്തിനാണ്, അവരുടെ ജീവന്‍ നിലനിര്‍ത്താനാണ്. നിങ്ങളത് ചെയ്തില്ലെങ്കില്‍ നാളെ അവര്‍ നിങ്ങളെ കൈവിടും, വിശ്വാസം നഷ്ട്ടമാകും, ദേവാലയങ്ങള്‍ അനാഥമാകും, നിങ്ങള്‍ വഴിയാധാരമാകും.
ദേവാലയങ്ങളില്‍ കാലാകാലമായി പലവിധത്തിലും,രൂപത്തിലും നമ്മുടെ പിതാമഹന്മാര്‍ മുതല്‍ നാം വരെ കൊടുത്തിട്ടുള്ളതിന്റെ എത്രയോ തുച്ഛമായ ഒരംശം മാത്രമാണ് നാമൊക്കെ നികുതിയെന്ന പേരില്‍ സര്‍ക്കാരുകള്‍ക്ക് കൊടുത്തിട്ടുള്ളത്, ശരിയായ രീതിയില്‍ ആദായ നികുതി പോലും കൊടുക്കാതെ, ദേവാലയങ്ങള്‍ക്ക് വാരിക്കോരിക്കൊടുക്കുന്ന നാം മതങ്ങളെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാക്കിയിട്ട് മുഴുവന്‍ ഉത്തരവാദിത്വവും സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കു ന്നത് എന്ത് ന്യായത്താലാണ്?
സര്‍ക്കാരല്ല, ദൈവമാണ് ആദ്യം സഹായവുമായി എത്തേണ്ടത്, മറക്കരുത്.
മതങ്ങളേ നിങ്ങളുടെ ശവക്കല്ലറകളെ നിങ്ങള്‍തന്നെ തോണ്ടാന്‍ ഇടയാക്കരുത്
Discussion about this post