അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ ട്രെയിനുണ്ടെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം: കേരളത്തില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ ട്രെയിനുണ്ടെന്ന വ്യാജ പ്രചാരണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് മലപ്പുറത്ത് അറസ്റ്റില്‍. എടവണ്ണ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി സാക്കിര്‍ തുവ്വക്കാട് ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഐപിസി 153, കേരള പോലീസ് ആക്റ്റ് 118 എന്നിവ പ്രകാരം കേസ് എടുത്തു.

അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനായി നിലമ്പൂരില്‍ നിന്ന് അടുത്ത ദിവസം ട്രെയിന്‍ ഏര്‍പ്പെടുത്തിയന്ന വ്യാജ സന്ദേശമാണ് സാക്കിര്‍ തുവ്വക്കാട് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിത്. ഇത് അറിഞ്ഞതോടെ അതിഥി തൊഴിലാളികള്‍ സംഭവം സത്യമാണെന്ന് വിശ്വസിക്കുകയും യാത്ര സംബന്ധിച്ച് യോഗം ചേരുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് വ്യാജ സന്ദേശത്തിന് പിന്നില്‍ എടവണ്ണ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി സാക്കിര്‍ തുവാക്കാട് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഇതോടെ എടവണ്ണ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവില്‍ ഒരാളുടെ പേരില്‍ മാത്രമാണ് കേസുള്ളതെന്നും കൂടുതല്‍ പേരുള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

എന്നാല്‍ താന്‍ മനഃപൂര്‍വ്വം ചെയ്തതല്ലെന്നും മറ്റൊരാള്‍ ഫോണില്‍ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താന്‍ സന്ദേശം പ്രചരിപ്പിച്ചതെന്നും സാക്കിര്‍ പോലീസിനോട് പറഞ്ഞു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ സംസ്ഥാനമൊട്ടാകെ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. മലപ്പുറം ജില്ലയില്‍ മാത്രം 257 കേസുകളാണ് വ്യാജ വര്‍ത്തകള്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തത്.

Exit mobile version