തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വേഗത്തില്‍ ഫലമറിയുന്ന റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.
ഇതിന് ഐസിഎംആര്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഐസിഎംആര്‍-എന്‍ഐവി. അനുമതിയുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകളുപയോഗിച്ചാണ് പരിശോധന നടത്തുന്നത്. സമൂഹത്തില്‍ സ്ക്രീനിംഗ് നടത്തി അവരില്‍ പരിശോധന നടത്തി രോഗ സാധ്യതയുള്ളവരെ കണ്ടെത്താനാകും. അവരെ നിരീക്ഷണത്തിലാക്കി ആവശ്യമുള്ളവരെ പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്. എത്രയും വേഗം ടെസ്റ്റ് കിറ്റെത്തിച്ച് റാപ്പിഡ് ടെസ്റ്റ് തുടങ്ങുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
എന്താണ് റാപ്പിഡ് ടെസ്റ്റ്?
പ്രാഥമിക സ്ക്രീനിംഗിലൂടെ വിവിധതരത്തിലുള്ള വൈറസ് വ്യാപനം ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാര്‍ഗമാണ് റാപ്പിഡ് ടെസ്റ്റ്. മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ 10 മിനിറ്റ് മുതല്‍ 30 മിനിറ്റിനുള്ളില്‍ വളരെ വേഗത്തില്‍ ഫലമറിയാന്‍ കഴിയും. ഗുണമേന്മയുള്ള പരിശോധനാ കിറ്റുകള്‍ ഉയോഗിച്ചാല്‍ വളരെയധികം ആളുകളുടെ പരിശോധനകള്‍ വേഗത്തിലാക്കി രോഗവ്യാപനം വളരെ പെട്ടെന്ന് അറിയാന്‍ കഴിയും. അതേസമയം ചെലവ് വളരെ കുറവെന്ന പ്രത്യേകതയുമുണ്ട്.
എന്താണ് കൊവിഡ് 19 ടെസ്റ്റ്?
നിലവില്‍ പിസിആര്‍ (പോളിമെര്‍ ചെയിന്‍ റിയാക്ഷന്) ടെസ്റ്റ് വഴിയാണ് ഇന്ത്യയില്‍ എല്ലാ രോഗികളിലും വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയുന്നത്. രണ്ട് തരം പരിശോധനകളിലൂടെയാണ് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇ-ജീന്‍ പരിശോധനകള്‍ക്കായുള്ള റിയല്‍ടൈം റിവേഴ്സ് ട്രാന്‍സ്ക്രിപ്റ്റേഴ്സ് പിസിആര്‍ എന്ന മോളിക്കുളാര്‍ പരിശോധനയാണ് ആദ്യം നടത്തുന്നത്. കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള ആര്‍ഡിആര്‍പി., ഒആര്‍എഫ്. 1 ബി. ജീനുകള്‍ കണ്ടെത്താനുള്ള പരിശോധനയാണ് രണ്ടാമത്തേത്.
രണ്ടും തമ്മിലുള്ള വ്യത്യാസം
ശരീരത്തില്‍ എന്തെങ്കിലും വൈറസ് ബാധ ഉണ്ടോയെന്നറിയാനാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. അതേസമയം കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനാലാണ് കൊവിഡ് 19 തിരിച്ചറിയുന്നതിന് പിസിആര്‍ ടെസ്റ്റ് നടത്തുന്നത്. പിസിആര്‍ ടെസ്റ്റിന് സമയവും ചെലവും കൂടുതലാണ്. എന്നാല്‍ സാമൂഹ്യ വ്യാപനം പെട്ടെന്ന് തിരിച്ചറിയേണ്ടതിനാലാണ് വൈറസ് വ്യാപനം കണ്ടെത്താന്‍ റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്.
റാപ്പിഡ് ടെസ്റ്റ് നടത്തുന്നതെങ്ങനെ?
രക്ത പരിശോധനയിലൂടെയാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. വെറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാലുണ്ടാകുന്ന ആന്റിബോഡികള്‍ തിരിച്ചറിയുന്ന രീതിയാണ് റാപ്പിഡ് ടെസ്റ്റ് അവലംബിക്കുന്നത്. വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ ദിവസങ്ങള്‍ക്കകം ശരീരം ആന്റിബോഡികള്‍ നിര്‍മിച്ച് തുടങ്ങും. ഈ ആന്റിബോഡികള്‍ രക്തത്തിലുണ്ടോ എന്ന് അതിവേഗം കണ്ടെത്തുന്നതാണ് റാപ്പിഡ് ടെസ്റ്റിലെ പരിശോധന രീതി. കൊറോണ വൈറസ് മാത്രമല്ല ഏത് വൈറസ് ബാധ പടരുമ്പോഴും സമൂഹ്യ വ്യാപനമുണ്ടായോ എന്നറിയാന്‍ റാപ്പിഡ് ടെസ്റ്റാണ് ഉപയോഗിക്കുന്നത്. സമൂഹത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും. അതേസമയം വൈറസ് ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ച് ഏതാനം ദിവസങ്ങള്‍ കഴിഞ്ഞ ശേഷം മാത്രമേ റാപ്പിഡ് ടെസ്റ്റിലൂടെ ഫലം അറിയാന്‍ സാധിക്കൂ.
ആര്‍ക്കൊക്കെ ടെസ്റ്റ് നടത്താം?
ഐസിഎംആറിന്റെ അനുമതിയുള്ള സര്‍ക്കാര്‍, സ്വകാര്യ ലാബുകള്‍ക്ക് മാത്രമേ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതിയുള്ളൂ. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രമേ റാപ്പിഡ് ടെസ്റ്റ് നടത്താന്‍ പാടുള്ളൂ.
ആരൊക്കെ ടെസ്റ്റ് നടത്തണം?
വിദേശരാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍, അവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍, കൊവിഡ് രോഗം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നവര്‍, കൊവിഡ് രോഗികളെ പരിചരിക്കുന്നവരും അവരുമായി ഇടപഴകുന്നതുമായ ആരോഗ്യപ്രവര്‍ത്തകര്‍, സാധാരണയില്‍ കവിഞ്ഞ് ഗുരുതര ശ്വാസകോശ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശത്തെ ജനങ്ങള്‍, ഗുരുതര ശ്വാസകോശ രോഗങ്ങളില്‍ നിന്ന് രോഗമുക്തി നേടിയവര്‍ എന്നിവര്‍ മാത്രമേ ടെസ്റ്റിന് വിധേയമാക്കേണ്ടതുള്ളു.
നിലവില്‍ നിരീക്ഷണത്തിലുള്ളവരിലും അവരുമായി ബന്ധപ്പെട്ടവരും തുടങ്ങിയ എല്ലാവരിലും അതിവേഗം പരിശോധന നടത്തി ഫലമറിയാന്‍ റാപ്പിഡ് ടെസ്റ്റ് സഹായിക്കും. ഈ ടെസ്റ്റിലൂടെ പോസിറ്റീവുള്ളവരെ നിരീക്ഷണത്തിലാക്കാനും അവരില്‍ ആവശ്യമുള്ളവര്‍ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും നല്‍കാനും സഹായിക്കും. അതിലൂടെ സമൂഹ വ്യാപനം പെട്ടെന്ന് തടയാനാകും.
Discussion about this post