കണ്ണൂർ: ജില്ലയിൽ ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ണൂർ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവം സംസ്ഥാന പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ ബാധ്യതയുള്ള പോലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാൻ അധികാരമില്ലെന്ന് ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
അതേസമയം, എസ്പി യതീഷ് ചന്ദ്രയുടെ നിർദേശാനുസരണം ഏത്തമിട്ടവർ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഒരു സാഹചര്യത്തിലും പോലീസ് നിയമം ലംഘിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ, ശിക്ഷ പോലീസ് തന്നെ നടപ്പിലാക്കുന്നത് പോലീസ് ആക്ടിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാൻ പോലീസിന് അധികാരമില്ല. വീട്ടിൽ സുരക്ഷിതരായിരിക്കണമെന്ന സർക്കാർ നിർദേശം കൃത്യമായി അനുസരിക്കണമെന്നും കമ്മീഷൻ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.