മലപ്പുറം: സ്ഥിരം മദ്യപാനികള്‍ക്ക് സര്‍ക്കാര്‍ മദ്യലഭ്യത ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി മുസ്ലിം യൂച്ച് ലീഗ് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ഗുലാം ഹസന് ആലംഗീര്‍. ഫേസ്ബുക്കിലൂടെയാണ് നേതാവ് ആവശ്യം ഉയര്‍ത്തിയത്. കൂടാതെ മദ്യം റേഷന്‍ കടകള്‍ വഴിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയോ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിവറേജ് ഔട്ട്ലെറ്റുകള് അടച്ചിട്ടതോടെ മദ്യത്തിന്റെ ലഭ്യത സര്‍ക്കാര്‍ അപ്പാടെ ഇല്ലാതാക്കിയെന്നും അതുവഴി ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം പ്രതിപക്ഷകക്ഷികളുടെ മേല്‍ കെട്ടിവെക്കാനുള്ള കുത്സിതനീക്കമാണെന്നും അദ്ദേഹം കുറിച്ചു. മദ്യപാനികള്‍ അടക്കമുള്ള ചെറുന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാനും അത് പരിഹരിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഗുലാം ഹസന് പറയുന്നു.
അതേസമയം, ഗുലാം ഹസന്റെ പ്രസ്താവനക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്നടക്കം വിമര്‍ശനം ശക്തമായതോടെ ഗുലാം ഹസന് പ്രസ്തുത ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. മദ്യത്തെ മഹത്വവല്ക്കരിക്കുകയല്ല താന്‍ ചെയ്തതെന്നും പെട്ടെന്ന് മദ്യം നിര്‍ത്തുന്നത് കൊണ്ട് ഉണ്ടാകുന്ന സാമൂഹിക അരാജകത്വത്തെയും അതിലൂടെ പ്രതിപക്ഷത്തിന് മേല്‍ ആ കുറ്റം ചാര്‍ത്തിക്കൊടുക്കാന്‍ കാത്തിരിക്കുന്ന ഭരണപക്ഷത്തെ ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം തിരുത്തി പറയുകയും ചെയ്തു.
Discussion about this post