ആലപ്പുഴ: മദ്യം കിട്ടാതായതിനെ തുടര്‍ന്ന് ഷേവിങ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു. ആലപ്പുഴയിലെ കായംകുളത്താണ് കേരളത്തെ ഞെട്ടിപ്പിക്കുന്ന സംഭവം. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ നൗഫലാ(38)ണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നൗഫലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബിവറേജസും പൂട്ടിയിരുന്നു. മദ്യം ലഭിക്കാതായതോടെ നൗഫല്‍ ഷേവിങ് ലോഷന്‍ കഴിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം നൗഫല്‍ ഷേവിങ് ലോഷന്‍ കഴിച്ചിരുന്നതായാണ് വിവരം.
കിണര്‍മുക്കിലെ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനായ നൗഫല്‍ ഇവിടെ നിന്നാണ് ലോഷന്‍ സംഘടിപ്പിച്ചത്. തുടര്‍ന്ന് ശാരീരിക അസ്വസ്ഥത തോന്നിയതോടെ നൗഫലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ ആവശ്യപ്പെട്ടതോടെ തിരുവനന്തപുരത്തെ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മദ്യം ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മൂന്ന് പേര് കൂടി ആത്മഹത്യ ചെയ്തിരിന്നു. കൊല്ലം, കണ്ണൂര്‍, എറണാകുളം ജില്ലകളിലായാണ് മരണം നടന്നത്. കുണ്ടറ പെരുമ്പുഴ ഡാല്‍മിയ പാമ്പുറത്തുഭാഗം എസ്കെ ഭവനില്‍ പരേതനായ വേലു ആചാരിയുടെ മകന് സുരേഷ് (38), കണ്ണൂര്‍ കണ്ണാടിവെളിച്ചം അഞ്ചരക്കണ്ടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനു സമീപം തട്ടാന്റെ വളപ്പില്‍ കെസി വിജില്‍ (28), കൈതാരം കൊക്കുംപടി സമൂഹം പറമ്പില്‍ ബാവന്റെ മകന് വാസു (37) എന്നിവരാണ് മരിച്ചത്.
Discussion about this post