കോന്നി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന പത്തനംതിട്ട ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ സഹായം എത്തിച്ച് കെയു ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ പിബി നൂഹും. ഭക്ഷ്യസാധനങ്ങള്‍ ചുമന്ന് നേരിട്ടെത്തിച്ചാണ് ഇവര്‍ സഹായം നല്‍കിയത്.
അച്ചന്‍കോവിലാറിനു കുറുകേയാണ് ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ചുമന്ന് സംഘം കോളനിയില്‍ എത്തിയത്. ജനമൈത്രി പോലീസ് സ്റ്റേഷനും കോന്നി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയും ചേര്‍ന്നാണ് ഭക്ഷണസാധനങ്ങള്‍ ശേഖരിച്ചത്. പത്തുകിലോ അരി, ഒരുകിലോ വെളിച്ചെണ്ണ, പഞ്ചസാര, ഉഴുന്ന്, കാപ്പിപ്പൊടി, തേയില, ഉപ്പ്, സോപ്പ്, പച്ചക്കറി തുടങ്ങിയ സാധനങ്ങളാണ് കിറ്റുകളില്‍ ഉള്ളത്. 37 കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്.
കോളനികളില്‍ ഭക്ഷണമെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് എംഎല്‍എയ്‌ക്കൊപ്പം സന്ദര്‍ശനത്തിന് എത്തിയതെന്ന് കളക്ടര്‍ പിബി നൂഹ് പറയുന്നു. 60 വയസ്സിനുമുകളില്‍ പ്രായമുള്ള ആളുകള്‍ക്ക് പട്ടികവര്‍ഗ വകുപ്പ് വഴി ഭക്ഷണമെത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കും ഭക്ഷണമെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.