കാസര്‍കോട്: രോഗിയുമായ പോയ ആംബുലന്‍സ് മംഗലാപുരത്തേക്ക് കടത്തിവിടാത്തതിനെ തുടര്‍ന്ന് വയോധിക മരിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെ ചെക്ക് പോസ്റ്റില്‍ കര്‍ണാടക പോലീസ് ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ഉദ്യാവരയിലെ എഴുപതുകാരിയായ പാത്തുമ്മയാണ് ചികിത്സ കിട്ടാതെ മരിച്ചത്. കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ ലഭിക്കാതെയുള്ള രണ്ടാമത്തെ മരണമാണിത്.
വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു മരിച്ച പാത്തുമ്മ. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവരെ ആംബുലന്‍സില്‍ മംഗലാപുരത്തേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചത്. എന്നാല്‍ അതിര്‍ത്തിയില്‍ വെച്ച് കര്‍ണാടക പോലീസ് ആംബുലന്‍സ് തടഞ്ഞുവെച്ചു. ഇതേതുടര്‍ന്ന് ഇവരെ തിരികെ വീട്ടിലേക്ക് കൊണ്ടുവരേണ്ടി വന്നു. ഇന്ന് പുലര്‍ച്ചെയാണ് പാത്തുമ്മ മരിച്ചത്.
മംഗലാപുരത്തേക്ക് പോകുന്നതിനുള്ള എല്ലാ ഇടവഴികളും കര്‍ണാടക മണ്ണിട്ട് അടച്ചിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ശ്വാസതടസത്തെ തുടര്‍ന്ന് മംഗലാപുരത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കവെ അബ്ദുല്‍ റഹ്മാന് എന്ന വ്യക്തിയും സമാനമായ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. അതേസമയം കര്‍ണാടക സര്‍ക്കാരിന്റേത് നിഷേധാത്മകമായ നടപടിയാണെന്നാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞത്. അത്യാസന്ന നിലയിലെത്തുന്ന രോഗികളുടെ കാര്യത്തിലെങ്കിലും കര്‍ണാടക സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
Discussion about this post