പത്തനംതിട്ട: സംസ്ഥാനം കൊറോണ ഭീതിയില്‍ കഴിയുന്നതിനിടെ പത്തനംതിട്ടയില്‍ നിന്നും ആശ്വാസമേകുന്ന വാര്‍ത്തയുമായി ജില്ല കളക്ടര്‍ പിബി നൂഹ്. കേരളത്തില്‍ രണ്ടാഘട്ടത്തില്‍ കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ രോഗം ഭേദമായെന്ന് കളക്ടര്‍ അറിയിച്ചു.
ഫേസ്ബുക്ക് ലൈവിലൂടെയാണ് പത്തനംതിട്ട കളക്ടര്‍ പിബി നൂഹ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവരുടെ രണ്ട് അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലവും നെഗറ്റീവായതായും കളക്ടര്‍ അറിയിച്ചു. രോഗവിമുക്തരായ റാന്നി സ്വദേശികളുടെ കോട്ടയം ചെങ്ങളത്തുള്ള ബന്ധുക്കള്‍ക്കും രോഗം ഭേദമായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചെങ്ങളം സ്വദേശിയും ഭാര്യയും ഡിസ്ചാര്‍ജായിരുന്നു. ഇറ്റലിയില്‍ നിന്നുമെത്തിയ റാന്നി സ്വദേശികളായ മൂന്നംഗകുടുംബത്തിലൂടെയാണ് കൊറോണ ആദ്യഘട്ടത്തില്‍ പിടിച്ചുനിര്‍ത്തിയ കേരളത്തില്‍ രണ്ടാംഘട്ടവും സ്ഥിരീകരിച്ചത്.
വിദേശത്തുനിന്നും എത്തിയ വിവരം ഇവര്‍ അധികൃതരില്‍ നിന്നും മറച്ചുവെയ്ക്കുകയായിരുന്നു. രോഗലക്ഷണങ്ങളോടെ രണ്ട് ബന്ധുക്കള്‍ ആശുപത്രിയിലിലെത്തിയതോടെയാണ് കുടുംബം വിദേശത്തുനിന്നുമെത്തിയ വിവരം പുറത്തറിയുന്നതും പിന്നീട് ഇവര്‍ക്കും രോഗം സ്ഥിരീകരിക്കുന്നതും.
അതേസമയം, കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ രോഗവിമുക്തരായി എന്ന വാര്‍ത്ത കേരളത്തിന് ഒന്നടങ്കം ആശ്വാസം പകരുന്നു. കൊച്ചിയില്‍ കൊറോണ ചികിത്സയിലായിരുന്ന വിദേശികളും ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവും ശനിയാഴ്ച സുഖം പ്രാപിച്ചതായി നേരത്തേ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
Discussion about this post