‘അന്നവും വസ്ത്രവും ഞങ്ങള്‍ ചോദിക്കാതെ തന്നെ ഞങ്ങള്‍ക്കുതന്ന അങ്ങാണ് ഞങ്ങളുടെ ഈശ്വരന്‍’; മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് സ്വാമി സന്ദീപാനന്ദഗിരി

തിരുവനന്തപുരം: അന്നവും വസ്ത്രവും ഞങ്ങള്‍ ചോദിക്കാതെ തന്നെ ഞങ്ങള്‍ക്കുതന്ന അങ്ങാണ് ഞങ്ങളുടെ ഈശ്വരന്‍ എന്ന് മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചത്. ‘അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍’ എന്ന ശ്രീനാരായണ ഗുരുദേവന്റെ വരികള്‍ ഇന്ന് കേരളാസര്‍ക്കാരിലൂടെ ഞങ്ങളിന്ന് അനുഭവിക്കുന്നുവെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

‘അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.’ശ്രീനാരായണ ഗുരുദേവ വിരചിതമായ ദൈവദശകത്തിലെ വരികളാണ് മേലുദ്ധരിച്ചത്.അന്നവും വസ്ത്രവും ഞങ്ങള്‍ ചോദിക്കാതെതന്നെ ഞങ്ങള്‍ക്കുതന്നു ഞങ്ങളെ രക്ഷിച്ച് ധന്യരാക്കുന്ന അവിടുന്ന് ഒരാള്‍ മാത്രമാണ് ഞങ്ങളുടെ ഈശ്വരന്‍. കാലാതിവര്‍ത്തിയായ ശ്രീ നാരായണ ഗുരുദേവന്‍ സത്യസങ്കല്പനാണ്,
അല്ലയോ ഗുരുദേവാ,അവിടുന്നു രചിച്ച ഈ വരികള്‍ കേരളസര്‍ക്കാരിലൂടെ ഞങ്ങളിന്ന് അനുഭവിക്കുന്നു.ഈശ്വരന്‍ എന്ന സംസ്‌കൃത ശബ്ദത്തിന് ഭരണനിപുണന്‍ എന്ന് അര്‍ത്ഥമെഴുതിയ പാണിനിയുടേയും യാസ്‌കന്റേയും ചിന്ത അന്വര്‍ത്ഥമാകുന്നു ദൈവത്തിന്റെ സ്വന്തം നാടായ ഞങ്ങളുടെ കേരളത്തില്‍.

പ്രിയ മുഖ്യമന്ത്രീ,അവിടുന്ന് ധന്യനാണ്.എന്തെന്നാല്‍ അങ്ങേക്ക് ജന്മം നല്‍കിയ മാതാവും പിതാവും അങ്ങയിലൂടെ ധന്യരായിതീര്‍ന്നിരിക്കുന്നു.”ധന്യോസി കൃതകൃത്യോസിപാവിതം തേ കുലം ത്വയാ”ധന്യനും കൃതകൃത്യനുമായി തീര്‍ന്നിരിക്കുന്ന അങ്ങയിലൂടെ മലയാളി സമൂഹം പവിത്രീകരിക്കപ്പെട്ടിരിക്കുന്നു.ഗുരുദേവ സ്മരണയോടെ- സ്വാമി സന്ദീപാനന്ദ ഗിരി

Exit mobile version