കണ്ണൂർ: സർക്കാരിന്റെ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് കൂട്ടം കൂടിയവർക്ക് പോലീസിന്റെ പരസ്യശിക്ഷ. വളപട്ടണം സ്റ്റേഷൻ പരിധിയിലെ അഴീക്കലിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങിയവരെ പോലീസ് ഏത്തമിടീപ്പിച്ചു. കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് നിർദേശങ്ങൾ ലംഘിച്ചവരെ പിടികൂടി ഏത്തമിടീപ്പിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പട്രോളിങ്ങിനിടെയാണ് കടയ്ക്കു മുന്നിൽ ആളുകൾ കൂട്ടംകൂടിയത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇവരിൽ ചിലർ ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടാനാകെ നിന്നവരെയാണ് ഏത്തമിടീപ്പിച്ചത്.
ലോക്ക്ഡൗൺ നിർദേശം ലംഘിച്ചതിന് രണ്ടുകേസുകളാണ് കണ്ണൂരിൽ ശനിയാഴ്ച രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിലൊന്ന് മീൻ വാങ്ങാൻ പത്തുകിലോമീറ്റർ അകലേക്ക് പോകാൻ ശ്രമിച്ചതിനാണ്.
മൂന്നുനാലുദിവസം വളരെ മാന്യമായി വീടിനു പുറത്തുവരരുതെന്ന് എല്ലാവരോടും പറഞ്ഞു. എന്നാൽ ആർക്കും സീരിയസ്നെസ് ഇല്ല. വയസായ ആളുകളായിരുന്നു അവർ. അവരെ അടിച്ചോടിക്കാൻ പറ്റില്ല. അത് ചെയ്യാനും പാടില്ല. അവർ വീട്ടിലിരിക്കുകയും വേണം. നാട്ടുകാർ ഇതു കണ്ടെങ്കിലും വീട്ടിലിരിക്കണം യതാഷ് ചന്ദ്ര പറയുന്നു. എല്ലാദിവസവും നൂറോളം കേസുകൾ എടുക്കുന്നുണ്ടെന്നും എന്നാൽ കേസ് എടുത്തിട്ടും ആളുകൾക്ക് വീടിനകത്ത് ഇരിക്കണം എന്നില്ലെന്നും യതീഷ് ചന്ദ്ര പ്രതികരിച്ചു.
കൊറോണയുടെ ഗൗരവം ആളുകൾക്ക് ഇനിയും മനസ്സിലായിട്ടില്ല. ആളുകൾ വീട്ടിൽ ഇരിക്കുന്നതേയില്ല. ആളുകൾ ബോധവാന്മാരാകുന്നതിനു വേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post