തിരുവനന്തപുരം: കോവിഡ് 19 രോഗത്തിന് എതിരെയുള്ള പോരാട്ടം അഭിനന്ദനീയം ആണെങ്കിലും സംസ്ഥാനത്തിന് സാമ്പത്തികമായി ശേഷി വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യർത്ഥിച്ചാണ് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
രോഗബാധിതർക്ക് രോഗശാന്തി ഉറപ്പ് വരുത്താനും രോഗം പടരാതെ തടയാനും വലിയ പ്രയത്നം ആവശ്യമാണ്. സർക്കാർ വിചാരിച്ചാൽ മാത്രം നടക്കുന്ന കാര്യമല്ല അത്. കൂട്ടായ പ്രയത്നമാണ് വേണ്ടത്. ഇതിനെയെല്ലാ വിതരണം ചെയ്യാൻ നാം നല്ല സാമ്പത്തികശേഷി നേടേണ്ടതുണ്ട്. അടിയന്തരഘട്ടങ്ങളിൽ നമുക്ക് ഉപയോഗിക്കാവുന്ന വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയാണ്. നേരത്തെ പ്രളയത്തിന് വേണ്ടിയാണ് നിധി ഉപയോഗിച്ചത്. ഇനി മുതൽ കോവിഡ്19 പ്രതിരോധത്തിനുള്ള ദുരിതാശ്വാസ നിധിയായിട്ടാവും ഇനി അത് പ്രവർത്തിക്കുക. സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇപ്പോൾ സംഭാവന ചെയ്യാം. നിങ്ങളാൽ ആവുന്ന സംഭാവനകൾ കഴിയുന്ന പോലെ അതിലേക്ക് നൽകാം. മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
നമ്മൾ കടന്നുപോവുന്ന ആ പ്രതിസന്ധി ഘട്ടം ഒരു പരീക്ഷണഘട്ടമാണ്. ഇതിനെ നമുക്ക് അതിജീവിക്കേണ്ടതുണ്ട്. ലോകത്തെ വലിയ ശക്തികൾ പോലും എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന അവസ്ഥയാണ് ഇത്. ഇത് നമ്മുടെ മുന്നിൽ ഉയർത്തുന്ന ഭീഷണി ചെറുതല്ല. ഈ പരീക്ഷണഘട്ടത്തെ കടന്നുപോവേണ്ടതുണ്ട്. നമ്മുടേതായ ഐക്യത്തിലൂടെയാണ് നാം നമ്മുടെ കരുത്ത് പ്രകടിപ്പിക്കേണ്ടത്. പകച്ചുനിന്നിട്ട് കാര്യമില്ല. പകച്ചുനിക്കലല്ല പോംവഴി. രോഗം പടരാതിരിക്കാനുള്ള ജാഗ്രതയാണ് നാം വെച്ചുപുലർത്തേണ്ടതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
Discussion about this post