സിംഗപ്പുർ ട്രിപ്പ് കഴിഞ്ഞ് കൊല്ലത്തെത്തി; ക്വാറന്റൈനിൽ കഴിയാതെ നാട്ടിലേക്ക് മുങ്ങി; പറഞ്ഞത് മുഴുവൻ കള്ളം; ഒടുവിൽ സബ്കളക്ടർക്ക് സസ്‌പെൻഷൻ

കൊല്ലം: ക്വാറന്റൈനിൽ കഴിയാൻ കൂട്ടാക്കാതെ കള്ളം പറഞ്ഞ് നാട്ടിലേക്ക് മുങ്ങിയ കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ സസ്‌പെന്റ് ചെയ്തു. സർക്കാരിനെ അറിയിക്കാതെ കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ സ്വദേശമായ കാൺപൂരിലേക്ക് മുങ്ങിയതിനാണ് നടപടി.

നേരത്തെ, ക്വാറന്റൈൻ ലംഘിച്ചതിന് അനുപം മിശ്രക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കൊല്ലം വെസ്റ്റ് പോലീസാണ് കേസെടുത്തത്. ജില്ലാ കലക്ടർ ബി അബ്ദുൾ നാസറിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. അറിയിക്കാതെ യാത്ര ചെയ്തത് നിയമ വിരുദ്ധമാണെന്ന് ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ വ്യക്തമാക്കിയിരുന്നു.

സിംഗപ്പുരിൽ നിന്നും ഈ മാസം 19ന് മടങ്ങിയെത്തിയ അനുപം മിശ്രയ്ക്ക് ജില്ലാ കളക്ടർ വീട്ടുനിരീക്ഷണം നിർദേശിച്ചിരുന്നു. തുടർന്ന് ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയവെയാണ് യുവ ഐഎഎസുകാരൻ ക്വാറന്റൈൻ ലംഘിച്ച് മുങ്ങിയത്. കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ബംഗളൂരുവിൽ ആണെന്നായിരുന്നു മറുപടി. എന്നാൽ, മൊബൈൽ ലൊക്കേഷൻ പരിശോധിച്ചാണ് സബ് കളക്ടർ കാൺപൂരിലാണെന്ന് കണ്ടെത്തിയത്. മിശ്രയ്‌ക്കെതിരെ കേസെടുക്കുന്നതിനു പുറമേ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

അതേസമയം, കൂടുതൽ സുരക്ഷിതം എന്ന നിലയ്ക്കാണ് നാട്ടിലേക്ക് മാറിയതെന്നാണ് മിശ്ര വിശദീകരിക്കുന്നത്. ഔദ്യോഗിക വസതിയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടുവെന്നും ബന്ധുക്കൾ ഒപ്പമില്ലാതിരുന്നതും നാട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചുവെന്നും സബ് കളക്ടർ പറയുന്നു.

Exit mobile version