യാസ്മിന്‍… ഭിന്നശേഷിക്കാരായ 36 കുട്ടികളുടെ ‘അമ്മ’; പുച്ഛിച്ച് തള്ളിയ എല്ലാവര്‍ക്കും ഇവര്‍ ഇന്ന് മാതൃക!

'ഒന്നും അറിയില്ലെങ്കില്‍ വീട്ടില്‍ പാത്രം കഴുകിയിരുന്നാല്‍ പോരേ' എന്നു കളിയാക്കിയ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ യാസ്മിന്‍ അരിമ്പ്രയെ കണ്ടാല്‍ ബഹുമാനത്തോടെ എഴുന്നേറ്റുനില്‍ക്കും.

മലപ്പുറം ജില്ലയിലെ തെന്നലയെ കേരളത്തിലെ അറിയപ്പെടുന്ന കാര്‍ഷിക ഗ്രാമമാക്കിയത്, ഈ സാധാരണക്കാരിയാണ്. പേര് യാസ്മിന്‍. ‘ഒന്നും അറിയില്ലെങ്കില്‍ വീട്ടില്‍ പാത്രം കഴുകിയിരുന്നാല്‍ പോരേ’ എന്നു കളിയാക്കിയ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ യാസ്മിന്‍ അരിമ്പ്രയെ കണ്ടാല്‍ ബഹുമാനത്തോടെ എഴുന്നേറ്റുനില്‍ക്കും.

കുടുംബശ്രീയിലൂടെ കരുത്താര്‍ജിച്ച സാധാരണ സ്ത്രീയുടെ പ്രതീകം. പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ 36 കുട്ടികള്‍ക്കു വേണ്ടി സ്വന്തം ചെലവില്‍ നടത്തുന്ന ബ്ലൂംസ് സ്‌കൂളിന്റെ ദൗത്യത്തിലാണിപ്പോള്‍ യാസ്മിന്‍.

യാസ്മിന്‍ കുടുംബശ്രീയില്‍ ചേര്‍ന്നതു 2011ല്‍. സിഡിഎസ് ചെയര്‍പഴ്‌സന്‍ ആയതിനു പിന്നാലെ നടന്ന യോഗത്തിനിടെ ഒരിക്കല്‍ കൃഷി ചര്‍ച്ചയായി. കൃഷിയോടാണു താല്‍പര്യമെന്നു പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥന്‍ കുറെ ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരമറിയാതെ നിന്നപ്പോഴായിരുന്നു കളിയാക്കല്‍, പാത്രം കഴുകിയിരുന്നാല്‍ പോരേ എന്ന്. മടിച്ചില്ല, തിരിച്ചെത്തി നാട്ടിലുള്ള സ്ത്രീകളെയും കൂട്ടി കൃഷി തുടങ്ങി. ഒറ്റവര്‍ഷം, മലപ്പുറം ജില്ലയില്‍ കുടുംബശ്രീ കൃഷിയില്‍ ഒന്നാം സ്ഥാനത്തെത്തി തെന്നല.

തരിശുപാടങ്ങളില്‍ 126 ഏക്കറിലായിരുന്നു പാട്ടക്കൃഷി. കൃഷി അറിയുന്നവരും അല്ലാത്തവരുമായ സ്ത്രീകളെല്ലാം ആ സംഘബലത്തില്‍ കൈപിടിച്ചു. 2012ല്‍ ഫാര്‍മേഴ്‌സ്‌ക്ലബ് രൂപീകരിച്ചു. യാസ്മിന്‍ മാനേജിങ് ഡയറക്ടറായി 2015ല്‍ തെന്നല അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയും. 1000 രൂപ നിക്ഷേപിച്ച് 500 പേരാണു കമ്പനിയില്‍ ഓഹരിയെടുത്തത്. എല്ലാവരും സ്വന്തം ചെലവില്‍ കൃഷിയിറക്കും. വിത്തും വളവും സബ്‌സിഡിയോടെ കൃഷിഭവന്‍ നല്‍കും. മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടുതല്‍ നല്‍കി അംഗങ്ങളില്‍ നിന്നു കമ്പനി നെല്ലുവാങ്ങും. തെന്നല എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കും. പൂര്‍ണമായും ജൈവകൃഷിയായതിനാല്‍ ആവശ്യക്കാര്‍ ഏറെ. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു ‘തെന്നല’ തേടി ആളുകളെത്തുന്നു.

കൃഷിക്കാര്യത്തില്‍ വീടുകളില്‍ ചെന്നപ്പോള്‍ യാസ്മിന്‍ ശ്രദ്ധിച്ചു, പല വീടുകളിലും ഭിന്നശേഷിക്കാരായ മക്കള്‍. പലരും പിതാക്കന്മാര്‍ കൈവിട്ടവര്‍. മക്കള്‍ ഭിന്നശേഷിക്കാരാണെന്നറിഞ്ഞ് ഉപേക്ഷിക്കുകയായിരുന്നെന്ന് അമ്മമാരുടെ കണ്ണീര്‍.

കുട്ടികളെ വീട്ടിലാക്കി ജോലിക്കുപോലും പോകാന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു അവര്‍. ‘എന്തെങ്കിലും വഴി കണ്ടെത്തിത്തരുമോ’ എന്ന അവരുടെ ചോദ്യത്തില്‍ നിന്നാണു യാസ്മിന്‍ സ്‌കൂള്‍ തുടങ്ങിയത്. ഭിന്നശേഷിക്കാരായ 36 കുട്ടികള്‍ക്കു സാന്ത്വനമായ സ്ഥാപനം. പക്ഷേ, കുടുംബശ്രീയുടെയും കമ്പനിയുടെയും തിരക്കില്‍ അധികകാലം മുന്നോട്ടുപോയില്ല. സ്‌കൂള്‍ പൂട്ടി. സങ്കടങ്ങള്‍ എണ്ണിപ്പറഞ്ഞ് അമ്മമാര്‍ വീണ്ടുമെത്തി. ‘ങ്ങളോട് പടച്ചോന്‍ പൊറുക്കില്ല’ എന്നുവരെ പറഞ്ഞുകളഞ്ഞു ചിലര്‍. ഉള്ളുലഞ്ഞു യാസ്മിന്‍ തീരുമാനിച്ചു, ഇനി ഈ കുട്ടികള്‍ക്കു തന്നെ ആദ്യപരിഗണന.

സിഡിഎസ് ചെയര്‍പഴ്‌സണ്‍ ചുമതലയില്‍ നിന്നു മാറി. മാര്‍ച്ച് ഒന്നിന് ‘ബ്ലൂംസ്’ എന്ന പേരിട്ട് വാടകകെട്ടിടത്തില്‍ സ്‌കൂള്‍ തുടങ്ങി. അധ്യാപകരുടെ ശമ്പളം, ഓട്ടോ വാടക, കെട്ടിട വാടക എന്നിവയ്ക്കായി മാസം 31,000 രൂപ വേണം. എല്ലാം പലരുടെയും സഹായത്തോടെ കണ്ടെത്തുകയാണ്. ചിലമാസങ്ങളില്‍ ആരും സഹായിച്ചില്ലെങ്കില്‍ കടംവാങ്ങും. അങ്ങനെ കടംപെരുകി വലിയ സംഖ്യയായിട്ടുണ്ടിപ്പോള്‍. എങ്കിലും സ്‌കൂള്‍ നടത്തിപ്പിനു പണം കണ്ടെത്താന്‍ സ്വന്തമായൊരു ബിസിനസ് തുടങ്ങാനുള്ള ഓട്ടത്തിലാണിപ്പോള്‍ യാസ്മിന്‍. അഗ്രോ കമ്പനിയും കൃഷിയുമെല്ലാം പഴയതിലും ഉത്സാഹത്തോടെ ഒപ്പം നടത്തുന്നുമുണ്ട്.

Exit mobile version